മലപ്പുറം തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി.റവന്യൂ അധികൃതർ മകനെ വീട്ടില്‍ നിന്ന് പുറത്താക്കി അമ്മക്ക് വീട് നല്‍കി.ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമ്ബലപ്പടി സ്വദേശി രാധക്ക് വീട് ലഭിച്ചത്.
78 വയസുള്ള രാധയെയാണ് മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയത്. 2021ലാണ് രാധ ഇതുമായി ബന്ധപ്പെട്ട് ആര്‍ഡിഒക്ക് പരാതി നല്‍കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിലധികമായി മകനില്‍ നിന്ന് ശാരീരിക ആക്രമണങ്ങള്‍ നേരിട്ടെന്നും അമ്മയുടെ പരാതിയുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മകന്‍ ജില്ലാകലക്ടറെ സമീപിക്കുകയും ചെയ്തു.
എന്നാല്‍ ജില്ലാ കലക്ടറും അമ്മക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.അമ്മയെ വീട്ടില്‍ കയറ്റണമെന്ന ജില്ലാകലക്ടറുടെ ഉത്തരവിനെതിരെ മകന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
ഹൈക്കോടതി വിധി അറിയിച്ചെങ്കിലും താമസം മാറാന്‍ സമയം അനുവദിക്കണമെന്നായിരുന്നു മകന്‍റെ ആവശ്യം.ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസം സമയം നല്‍കിയെങ്കിലും മകന്‍ മാറാന്‍ തയ്യാറായില്ല.
ഇന്നലെ ഉച്ചക്കുശേഷം സബ് കലക്ടർ ദിലീപ് കെ. കൈനിക്കരയുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എസ്.ഐ ബിജുവിന്റെ നേതൃത്വത്തിൽ പൊലീസും വീട്ടിലെത്തി. തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും രാധയുടെ പേരമകൾ വാതിൽ തുറന്നില്ല. ഇതോടെ പൂട്ട് പൊളിച്ച് അകത്തുകയറിയാണ് ഉദ്യോഗസ്ഥർ രാധയെ വീട്ടിലേക്ക് കയറ്റിയത്.
കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് വിദ്യാർഥിനിയായ 19കാരിയെ അറസ്റ്റ് ചെയ്തു. ശാരീരിക-മാനസിക പീഡനത്തെത്തുടർന്ന് ഏഴ് വർഷത്തോളമായി മകളുടെ വീട്ടിലാണ് താൻ താമസിച്ചിരുന്നതെന്നും വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കാത്ത എല്ലാ മക്കൾക്കും ഇതൊരു പാഠമാണെന്നും രാധ പറഞ്ഞു.
തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ്, എൽ.ആർ തഹസിൽദാർ എൻ മോഹനൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ എ. സുലൈമാൻ, കെ.പി. ഗോവിന്ദൻകുട്ടി തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ