തലസ്ഥാനത്തെ കഴക്കൂട്ടത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായി പരാതി. ചികിത്സാ പിഴവിനെ തുടർന്ന് യുവതിയുടെ ഒമ്പത് വിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നതായാണ് ആരോപണം. യുവതിയുടെ പരാതിയിൽ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴക്കൂട്ടം കുളത്തൂരുലെ കോസ്മറ്റിക് ആശുപത്രിയിൽ ചികിത്സ തേടിയ 31കാരി നീതുവിനാണ് ചികിത്സാപ്പിഴവിനെത്തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്. പ്രസവത്തിന് ശേഷമുള്ള വയറിലെ കൊഴുപ്പ് കുറയ്ക്കാൻ, പരസ്യം കണ്ടാണ് കോസ്മറ്റിക് ആശുപത്രിയുമായി നീതു ബന്ധപ്പെടുന്നത്.
5 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കായി ആശുപത്രി ആവശ്യപ്പെട്ടത്. ആദ്യം യുവതി പിൻമാറിയെങ്കിലും മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തുതാരാമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും ബന്ധപ്പെടുകയായിരുന്നു.
അഡ്മിറ്റായി തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തി. പിറ്റേന്ന് രാവിലെ ഡിസ്ചാർജും ചെയ്തു. പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഛർദ്ദിയും ക്ഷീണവുമാണ് ഉണ്ടായത്. ഓപ്പറേഷൻ നടത്തിയ ഡോക്ടറെ ബന്ധപ്പെട്ടെങ്കിലും ആശുപത്രി അത് ഗൗരവമായി എടുത്തില്ലെന്നാണ് ആക്ഷേപം.
അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ച നീതുവിന്റെ ആരോഗ്യ നില മോശമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നീതുവിന് അറ്റാക്ക് വന്നെന്നും വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്നും ആംബുലൻസ് വിളിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
ഇതേ ആശുപത്രിക്കെതിരെ മറ്റൊരു ഗുരുതര പിഴവ് ആരോപണവും ഉണ്ടെന്നാണ് നീതുവിന്റെ ഭർത്താവ് പത്മജിത് പറയുന്നത്. 2024ൽ ഇതേ ആശുപത്രിയിൽവെച്ച് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ നടത്തിയ ഒരാൾ മരിച്ചിരുന്നു.
22 ദിവസത്തോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു യുവതി. പിന്നീട് കൈകളിലെയും കാലുകളിലെയുമായി ഒമ്പത് വിരലുകൾ മുറിച്ചുമാറ്റേണ്ടതായി വന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവതി. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കുമുൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ കോസ്മറ്റിക് ആശുപത്രി അധികൃതർ തയാറായിട്ടില്ല.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ