സ്പോൺസർമാർ ഉത്തരവാദിത്തം കാണിക്കണം, മെസി വരില്ലെന്ന് പറയാനാവില്ല'; പ്രതീക്ഷയുണ്ടെന്ന് കായിക മന്ത്രി



ഇതിഹാസ താരം ലയണൽ മെസി കേരളത്തിലേക്കെത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്പോൺസർമാർ ഉത്തരവാദിത്തം കാണിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. മെസി വരുമെന്നാണ് പ്രതീക്ഷയെന്നും ഇതുവരെയായിട്ടും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥീരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 മെസി ഒക്ടോബറിൽ വരുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനം വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു രൂപ പോലും സ്പോൺസർമാർ അർജന്റീന ഫുട്ബോൾ അസോസിയേഷന് നൽകിയില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

'സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് മർച്ചന്റ്സ് അസോസിയേഷനെയാണ് അർജന്റീനയുടെ സൗഹൃദമത്സരത്തിൻ്റെ സ്പോൺസറാകാൻ ആദ്യം കണ്ടെത്തിയത്. 175കോടി രൂപ സമാഹരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഉത്തരവാദിത്തം സ്പോൺസർമാർക്കാണ്. മെസി വരുന്നത് ഭാരിച്ച ചെലവുളള കാര്യമാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്രയും പണം കായിക വകുപ്പിൻ്റെ ബഡ്‌ജറ്റിനും അപ്പുറമാണ്.

കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആഗ്രഹം മാനിച്ച് സ്പോൺസർമാർ അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ സ്പോൺസർമാർ റിസർവ്ബാങ്കിന്റെ നടപടികൾക്കനുസരിച്ച് യോഗ്യരല്ല. അവർ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനമൊക്കെ നടത്തിയതാണ്. 

സ്പോൺസർമാർ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നെ അറിയിച്ചിട്ടില്ല. അവർ ഉത്തരവാദിത്തം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെസി വരുമെന്നാണ് പ്രതീക്ഷ. വരില്ലെന്ന് അർജന്റീന ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മെസിയുടെ പര്യടനത്തിന് കേന്ദ്ര അനുമതി സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിൽ പകുതിയോളം രൂപ അപ്പിയറൻസ് ഫീസായി അർജന്റീന ടീമിന് നൽകേണ്ടി വരുമെന്നായതോടെ ഫണ്ടിംഗ് പാളി. 

പിന്നീട് പ്രധാന സ്പോൺസർമാരായി സ്വകാര്യ വാർത്താചാനലുള്ള ബ്രോഡ്‌കാസ്‌റ്റിംഗ് കമ്പനി വന്നു. അവർ പണം അടയ്ക്കാമെന്ന് അറിയിച്ചതാണ് - മന്ത്രി വ്യക്തമാക്കി.

അതേസമയം ഒക്ടോബറിൽ ചൈനയിൽ പര്യടനം നടത്താൻ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചെന്നാണ് വിവരം. ചൈനയിൽ രണ്ട് മത്സരങ്ങൾ മെസിയും സംഘവും കളിക്കും. അർജന്റീയുടെ 2026ലെ വിദേശ പര്യടന ഷെഡ്യൂളിലും കേരളമില്ല.