ഗൂഗ്ൾ മാപ്പ് നോക്കി യാത്ര; വയനാട് സ്വദേശികളായ അധ്യാപകർ ചെന്നെത്തിയത് നിലമ്പൂർ ഉൾവനത്തിൽ; രക്ഷകരായി ഫയർഫോഴ്സ്



കല്യാണത്തിന് പോയ അധ്യാപകർ വഴിതെറ്റി ചെന്നെത്തിയത് നിലമ്പൂർ കരിമ്പുഴ ഉൾവനത്തിൽ. കനത്ത മഴയിൽ കാർ ചെളിയിൽ പുതഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതായി. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് അധ്യാപകരെ രക്ഷപ്പെടുത്തിയത്.സുഹൃത്തിന്‍റെ കല്യാണം കഴിഞ്ഞ് രാത്രിയോടെ മടങ്ങുകയായിരുന്നു വയനാട്ടിലെ കോളജിലെ അഞ്ച് അധ്യാപകർ.

ഗൂഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ കൈപ്പിനി- അകംപാടം വഴിയാണ് ഇവർ സഞ്ചരിച്ചത്. എന്നാൽ, വഴിതെറ്റി കരിമ്പുഴ വനത്തിനുള്ളിലൂടെയായി സഞ്ചാരം. രാത്രിയായതോടെ ശക്തമായ മഴയും പെയ്തു. വഴിയിലെ ചെളിയിൽ കാറിന്‍റെ ടയർ പുതഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതായി. 

വന്യമൃഗങ്ങളുള്ള വനത്തിൽ കുടുങ്ങിയ സംഘം നിലമ്പൂർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി അധ്യാപകരെയും വാഹനത്തെയും പുറത്തെത്തിക്കുകയായിരുന്നു. ചെളിയിൽ പൂണ്ട കാർ കെട്ടിവലിച്ചാണ് പുറത്തെടുത്തത്.