രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ; രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും.





ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭയ്ക്ക് പുറമെ രാജ്യസഭയും ബിൽ പാസാക്കിയതോടെ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. ഇത്രയേറെ വിശദമായ ചർച്ചകൾ നടന്ന മറ്റൊരു ബില്ലുമില്ലെന്ന് ബിൽ അവതരിപ്പിച്ച് ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. മുനമ്പം വിഷയം വീണ്ടും മന്ത്രി പരാമർശിച്ചു.

ആദ്യം അവതരിപ്പിച്ച ഡ്രാഫ്റ്റിൽ നിന്ന് മാറ്റങ്ങൾ വരുത്തിയതാണ് ഈ ബില്ല് എന്നത് പരിശോധിച്ചാൽ മനസ്സിലാകുമെന്ന് കിരൺ റിജിജു ചർച്ചയിൽ മറുപടി പറയവേ വ്യക്തമാക്കി. ജെപിസിയിലെ പ്രതിപക്ഷ അംഗം പറഞ്ഞു താൻ പറഞ്ഞത് അംഗീകരിച്ചില്ല എന്ന്. വഖഫ് കൗൺസിലിൽ നാലിൽ കൂടുതൽ അമുസ്ലിങ്ങൾ ഇല്ല.എന്നിട്ടും ഇവർ പറയുന്നു മുസ്ലിം ഭൂരിപക്ഷത്തെ കുറയ്ക്കുകയാണെന്ന് – കിരൺ റിജിജു പറഞ്ഞു.

ബിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെതിരെ പ്രതിഷേധമുയർത്തി കറുത്ത വസ്ത്രമണിഞ്ഞാണ് കേരളത്തിൽ നിന്നുള്ള ഇടത് അംഗങ്ങൾ സഭയിലെത്തിയത്. മുനമ്പത്ത് ഒരാൾക്ക് പോലും വീട് നഷ്ടമാകില്ലെന്ന് ഡോക്ടർ ജോൺ ബ്രിട്ടാസ് പറഞ്ഞു.