ചില്ലറ പ്രശ്‌നമാകില്ല’, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം..


സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ടിക്കറ്റ് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങളുടെ തുക ഇനി ഡിജിറ്റലായി അടയ്ക്കാം. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗുഗിള്‍ പേ, ഫോണ്‍ പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണൊരുങ്ങുന്നത്. 

ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം ഏപ്രില്‍ 7ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതിനുള്ള പിഒഎസ് ഉപകരണങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നിവര്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.