പശ മുതല്‍ കാൻസറിന്റെ മരുന്ന് വരെ; മലയാളി ലഹരിക്കായി വാങ്ങുന്നത് കഞ്ചാവും എംഡിഎംഎയും മാത്രമല്ല...


മലയാളികൾ ലഹരിക്കായി അഭയംതേടുന്നത് കഞ്ചാവിലും രാസലഹരിയിലും മാത്രമല്ല. സൈക്കിളിന്റെ ട്യൂബ് ഒട്ടിക്കുന്ന പശ മുതല്‍ കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വരെ ലഹരിമരുന്നായി വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

സൈക്കിളിന്റെ ട്യൂബ് ഒട്ടിക്കുന്ന പശ, വൈറ്റ്നർ, പെയ്ന്റ് തുടങ്ങിയവ ലഹരിയുടെ തുടക്കക്കാർ ഉപയോഗിക്കുന്നതാണത്രെ. ഇവയുടെ തീവ്രഗന്ധമാണ് തുടക്കക്കാർക്ക് ലഹരി നല്‍കുന്നത്. മീഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ഇവയില്‍ പലതും മരണകാരണമായേക്കാമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇവയൊന്നും നിരോധിച്ചിട്ടില്ല എന്നതും വിപണിയില്‍ സുലഭമാണ് എന്നതും ഇത്തരം വസ്തുക്കള്‍ കൈവശം വെക്കുന്നവർക്കെതിരെ നടപടി എടുക്കാൻ തടസമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

കാൻസർ ചികിത്സയ്ക്ക് ഉള്‍പ്പെടെയുള്ള മരുന്നുകളും ലഹരിമരുന്നായി ഉപയോഗിക്കുന്നുണ്ടത്രെ. വിഷാദം ഉള്‍പ്പെടെ മാനസികപ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. പാർക്കിൻസണ്‍സ് പോലെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ക്കുള്ള മരുന്നുകളും ശക്തമായ വേദനസംഹാരികളും കാൻസർ മരുന്നുകളുമാണു ലഹരി ഉപയോഗിക്കുന്നവർ തേടിയെത്തുന്നത്. ഇതില്‍ പലതും കിട്ടുന്നതിനു ഡോക്ടറുടെ കുറിപ്പടി നിർബന്ധമാണ്. ഇതു സംഘടിപ്പിച്ചോ വ്യാജമായി ഉണ്ടാക്കിയോ ആണ് മരുന്നുകള്‍ വാങ്ങുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

ഇത്തരം മരുന്നുകള്‍ വാങ്ങുന്നവരുടെ പേരുവിവരവും മരുന്ന് നിർദേശിച്ച ഡോക്ടറുടെ പേരും റജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണമെന്നു മെഡിക്കല്‍ സ്റ്റോറുകള്‍ക്കു കർശന നിർദേശം നല്‍കിയിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ മരുന്നു നല്‍കരുത്. എന്നാല്‍ പലരും ഇതു പാലിക്കുന്നില്ല. ലഹരിവ്യാപനം കൂടിയ സാഹചര്യത്തില്‍ ഇത് ഉറപ്പാക്കാൻ കർശന നടപടി ഉണ്ടാകും.

മരുന്നുകള്‍ക്കൊപ്പം മദ്യം കൂടി ചേർത്താല്‍ കൂടുതല്‍ നേരം ലഹരിയുടെ ഉന്മാദാവസ്ഥ തുടരുമെന്നാണ് ലഹരി ഉപയോഗിക്കുന്നവരുടെ ധാരണ. എന്നാല്‍ ശരീരത്തിന് ഇരട്ടി ദോഷമാണ് ഉണ്ടാവുക. മരണം വരെ സംഭവിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

അതേസമയം, സൈക്കിളിന്റെ ട്യൂബ് ഒട്ടിക്കുന്ന പശ, വൈറ്റ്നർ, പെയ്ന്റ് തുടങ്ങിയവ ലഹരിക്ക് ഉപയോഗിക്കുന്നത് പോലെയല്ല ഇത്തരം മരുന്നുകള്‍ ലഹരി വസ്തുക്കളായി ഉപയോഗിച്ചാല്‍ നടപടിയെടുക്കാനാകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ സ്റ്റോറില്‍ നിന്നു വാങ്ങുന്നതാണെങ്കിലും ലഹരിക്കായി ഉപയോഗിക്കുന്നതു പിടിക്കപ്പെട്ടാല്‍ കേസെടുക്കാം. എൻഡിപിഎസ് ആക്‌ട് പ്രകാരമുള്ള നടപടികളും ശിക്ഷയും ലഭിക്കും. കാരണം ഇവ ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ വരുന്ന മരുന്നുകളാണ്.