ലഖ്നൗ: സ്കൂളിലെ ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ 14-കാരന് ദാരുണാന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ അലിഗർ ജില്ലയില്‍ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച സിറൗളി ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. മോഹിത് ചൗധരി എന്ന പതിന്നാലുകാരനാണ് സ്കൂളിലെ കായിക മത്സരത്തിന് പരിശീലിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണപ്പെട്ടത്.
സുഹൃത്തുക്കളോടൊപ്പം ആദ്യരണ്ട് റൗണ്ട് ഓടിക്കഴിഞ്ഞതിനു പിന്നാലെയാണ് മോഹിത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ കുഴഞ്ഞുവീണുകയും ചെയ്തു. ഒട്ടുംവൈകാതെ സമീപ്ത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരണംസംഭവിക്കുകയായിരുന്നു.
ഡിസംബർ ഏഴിനാണ് സ്കൂളിലെ കായികമത്സരം നിശ്ചയിച്ചിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വാഹനാപകടത്തില്‍ മോഹിത്തിന്റെ അച്ഛൻ മരണപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം അറാനാ ഗ്രാമത്തിലും ഓട്ടത്തിനിടെ ഇരുപതുകാരിയായ മമത എന്ന പെണ്‍കുട്ടി ഹൃദയാഘാതത്താല്‍ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. ലോധി നഗറില്‍ നിന്നും സമാനസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ എട്ടുവയസ്സുകാരി ഹൃദയാഘാതത്താല്‍ മരണപ്പെട്ട വാർത്തയായിരുന്നു അത്.
കോച്ചിങ് ക്ലാസ്സിലിരിക്കുന്നതിനിടെ ഇൻഡോറില്‍ നിന്നുള്ള പതിനെട്ടുകാരൻ മരിച്ച സംഭവവും ഈയടുത്താണ് പുറത്തുവന്നത്. അടുത്തിടെയായി യുവാക്കള്‍ക്കിടയിലെ ഹൃദയാഘാതനിരക്ക് വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മാത്രം ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ കാരണം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വൻവർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അടുത്തിടെ സർക്കാർ പുറത്തുവിട്ട റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഹൃദയാഘാത മരണങ്ങള്‍ മൂന്നു വർഷം കൊണ്ട് കുത്തനെ ഉയർന്നുവെന്നാണ് കണക്കുകളിലുള്ളത്. 2020-ല്‍ 28,759 2021-ല്‍ 28,413 2022-ല്‍ 32,457 എന്നിങ്ങനെയാണ് കണക്കുകള്‍. നിരന്തരം ചെക്കപ്പുകള്‍ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്.
മുൻകാലങ്ങളില്‍ പ്രായമായവരില്‍മാത്രം കൂടുതലായി കണ്ടിരുന്ന ഹൃദയാഘാതമരണങ്ങള്‍ മുപ്പതുകളിലും നാല്‍പതുകളിലും സാധാരണമാവുകയും ചെയ്തു. തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗങ്ങളാകാം പെട്ടെന്നുണ്ടാകുന്ന പല ഹൃദയാഘാത മരണങ്ങള്‍ക്കും പിന്നിലെന്ന് വിദഗ്ധർ പറയുന്നു.
വ്യായാമത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുകയും മതിയായ ഉറക്കം ലഭ്യമാക്കുകയും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം കാക്കാമെന്നും വിദഗ്ധർ പറയുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ