പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ സൗഹൃദം പുതുക്കി; ഭര്‍തൃമതിയായ യുവതി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കയറി ജീവനൊടുക്കി


ഭർതൃമതിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ കല്ലുംമൂട് സ്വദേശി പുതുവല്‍ പുത്തൻവീട്ടില്‍ സുനിലിന്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്.

സുഹൃത്തായ മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്റെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

ആണ്‍ സുഹൃത്തായ അരുണിന് വിവാഹം ആയെന്ന് അറിഞ്ഞതോടെ ഇവർ തമ്മിൽ തെറ്റി പിരിഞ്ഞിരുന്നു , വ്യാഴാഴ്ച സന്ധ്യ കത്തിയുമായെത്തി അരുണിനെ ആക്രമിക്കാൻ ശ്രമിച്ചു. അരുണ്‍ ഓടിച്ചിരുന്ന കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തു. സന്ധ്യയുടെ ആക്രമണത്തില്‍ അരുണിന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. 

പിറ്റേന്ന് വെള്ളിയാഴ്ച അരുണ്‍ കാർ നന്നാക്കാൻ പുറത്ത് പോയ സമയത്താണ് സന്ധ്യ അരുണിന്റെ വീട്ടില്‍ എത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഈ സമയം അരുണിന്റെ അമ്മയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ സന്ധ്യ ഇവരെ തള്ളി മാറ്റിയതിന് ശേഷം അരുണിന്റെ മുറിയില്‍ കയറി വാതില്‍ അടച്ച്‌ തൂങ്ങി മരിക്കുകയായിരുന്നു. വീട്ടിലേക്കും ഇവർ കത്തിയുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ധ്യയുടെ സഹോദരന്റെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അരുണും സന്ധ്യയും ഏഴാം ക്ലാസ് വരെയാണ് ഒന്നിച്ചു പഠിച്ചത്. ആറു വർഷം മുമ്ബ് നടന്ന പൂർവവിദ്യാർത്ഥി സംഗമത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഇരുവരും വീണ്ടും സൗഹൃദം പുതുക്കിയത്. അരുണിന്റെ വിവാഹം ഉറപ്പിച്ചതോടെ ഇവർ തമ്മില്‍ വഴക്കായെന്നും പിരിഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്.