വയനാട് ഉരുള്‍പൊട്ടല്‍: സര്‍ക്കാറിന്റെ സാലറി ചാലഞ്ചുമായി സഹകരിക്കാതെ ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജീവനക്കാരുടെ സാലറി ചലഞ്ചുമായി സഹകരിക്കാതെ ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉദ്യോഗസ്ഥര്‍.
സംസ്ഥാനത്ത് ഐ എ എസില്‍ 156 ഉം ഐ പി എസില്‍ 146 ഉദ്യോഗസ്ഥരും ഉണ്ട്. ഇവര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തില്ലെന്നാണ് വിവരം. സാലറി ചലഞ്ചില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഐ എ എസ് അസോസിയേഷന് നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ 80 ഐ എഫ് എസ് ഉദ്യോഗസ്ഥരില്‍ 29 പേര് മാത്രമാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ വിവരം ലഭ്യമല്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
താല്പര്യമുള്ളവര്ക്ക് ഒന്നിച്ചും മൂന്നു ഗഡുക്കളായും അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാം എന്നതാണ് ചലഞ്ച്. 500 കോടി രൂപയായിരുന്നു സാലറി ചെലഞ്ചില്‍ ആകെ പ്രതീക്ഷിച്ചത്. രണ്ട് തവണയായി ലഭിച്ചത് ആകെ 78 കോടി രൂപമാത്രമാണ്. ഇതില്‍ 15 ശതമാനത്തോളം മാത്രമെ രണ്ട് ഗഡുക്കള്‍ കഴിയുമ്പോള്‍ ലഭിച്ചിട്ടുള്ളു.
ഒക്ടോബര്‍ മൂന്ന് വരെ 78.01 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സാലറി, ലീവ് സറണ്ടര്‍ വഴി ജീവനക്കാര്‍ നല്കിയ സംഭാവനക്കുള്ള രസീത് ഡിഡിഒ മാര്‍ക്ക് നല്‍കാനാകുന്നതാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്കി. സമ്മത പത്രം നല്‍കിയാണ് ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നത്. മുണ്ടക്കൈ ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായുള്ള സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 16 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ