മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു.


മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രന്‍ വീട്ടിലെത്തി അംഗത്വം നല്‍കി. കേരളത്തില്‍ ഡിജിപി റാങ്കിലെത്തിയ ആദ്യ വനിതയാണ് ശ്രീലേഖ. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. 

1987 ബാച്ച് ഉദ്യോഗസ്ഥയാണ്. 2020ലാണ് വിരമിച്ചത്. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവലയത്തില്‍ ആകര്‍ഷിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ശ്രീലേഖ പറഞ്ഞു. ബിജെപിയുടെ ആദര്‍ശങ്ങളോട് വിശ്വാസമുണ്ടെന്നും പാർട്ടിയിൽ ചേർന്ന ശേഷം ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു.

രണ്ട് മൂന്ന് ആഴ്ചയ്ക്ക് മുമ്പാണ് ഇങ്ങനൊരു നിര്‍ദേശം വന്നത്. എനിക്ക് ആലോചിച്ച് തീരുമാനിക്കണമെന്ന് പറഞ്ഞു. ആലോചിച്ച് തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ പ്രഭാവമാണ് ബിജെപിയില്‍ ചേരാന്‍ കാരണം. മുപ്പത്തിമൂന്നര വര്‍ഷം നിഷ്പക്ഷമായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. വിരമിച്ചതിന് ശേഷം പല കാര്യങ്ങളും മാറി നിന്ന് കാണാന്‍ തുടങ്ങി, അതിനുശേഷമുള്ള എന്റെ അനുഭവത്തിന്റെയും അറിവിന്റെയും പശ്ചാത്തലത്തില്‍ ജനസമൂഹത്തിന് തുടര്‍ന്നും സേവനം ചെയ്യാന്‍ വേണ്ടി ഇതാണ് ഏറ്റവും നല്ല വഴിയെന്ന് തോന്നി. ബിജെപിയുടെ ആദര്‍ശങ്ങളോട് വിശ്വാസമുണ്ട്. ബിജെപിയുടെ കൂടെ നില്‍ക്കുന്നുവെന്നത് തന്നെ വലിയ സന്ദേശമാണ്,' ശ്രീലേഖ പറഞ്ഞു.

ശ്രീലേഖ ഐപിഎസ് ധീരവനിതയാണെന്ന് കെ സുരേന്ദ്രനും കൂട്ടിച്ചേര്‍ത്തു. പൊലീസില്‍ പല വിപ്ലവ മാറ്റങ്ങളും കൊണ്ടുവന്നയാളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവരുടെ അനുഭവ സമ്പത്തും, അവരുണ്ടാക്കിയ മാറ്റങ്ങളും ബിജെപിക്കും പ്രവര്‍ത്തകര്‍ക്കും മുതല്‍ക്കൂട്ടാകുമെന്നും അത് നാടിനും അതിനുള്ള പ്രയോജനമുണ്ടാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.