ഒരു വീട്ടിൽ ഒരു ബാങ്ക് അക്കൗണ്ട്; ഇടപാടിൽ ഇനി നിയന്ത്രണം, പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ പേ


പണമിടപാടുകൾക്ക് ഏറ്റവും ജനകീയമായി മാറിയ പേരാണ് ​ഗൂ​ഗിൾ പേ. ഇന്ന് നിരവധി ഫിൻടെക് ആപ്പുകൾ നിലവിലുണ്ടെങ്കിലും ​ഗൂ​ഗിൾ പേ എന്ന പേരിന് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. വളരെ എളുപ്പത്തിൽ ഇടപാടുകൾ നടത്താനും മറ്റും ബിൽ പേയ്മെന്റുകൾ സുഖമമാക്കാനും ​ഗൂ​ഗിൾ പേയിലൂടെ കഴിയും. നിരവധി ഫീച്ചറുകൾ ഉണ്ടെങ്കിലും ഇപ്പോൾ പുതിയ ഫീച്ചറുമായിട്ടാണ് ​ഗൂ​ഗിൾ പേ എത്തിയിരിക്കുന്നത്.

ഗൂഗിൾ പേ ആപ്പിനായി യുപിഐ സർക്കിൾ എന്ന പുതിയ യുപിഐ ഫീച്ചർ എത്തിയിരിക്കുന്നു. ബാങ്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ഇല്ലാത്തതോ ഡിജിറ്റൽ പേയ്‌മെൻ്റ് രീതികൾ ഉപയോഗിക്കാൻ മടിക്കുന്നതോ ആയ വ്യക്തികൾക്ക് ഇടപാടുകൾ ലളിതമാക്കാനായിട്ടാണ് ഇത്തരം ഫീച്ചറുകൾ കൊണ്ടു വന്നത്. യുപിഐ സർക്കിൾ ഉടൻ തന്നെ ആപ്പിൽ ലഭ്യമാകും.

യു.പി.ഐ സർക്കിൾ
പേയ്മെന്റ് സംവിധാനത്തെ കൂടുതൽ സുഖമമാക്കാനാണ് ​ഗൂ​ഗിൾ പേ യിലെ പുതിയ ഫീച്ചറായ യു.പി.ഐ സർക്കിൾ എത്തിയിരിക്കുന്നത്. അതായത് നിങ്ങളുടെ കുടുംബാ​ഗങ്ങൾക്ക് എല്ലാവർക്കും ഡിജിറ്റൽ പേയ്മെന്റ് ചെയ്യാൻ ഇനി ഒരു ബാങ്ക് അക്കൗണ്ട് മതി. 

ബാങ്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ഇല്ലാത്തവർക്കും സ്വന്തമായി ഡിജിറ്റൽ പേയ്‌മെൻ്റുകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വ്യക്തികൾക്കും ഈ ഫീച്ചർ ഉപയോഗപ്രദമാണ്. പ്രധാനമായും ഒരാൾക്ക് മാത്രം ബാങ്ക് അക്കൗണ്ട് മതി. മറ്റ് അം​ഗങ്ങൾക്ക് അവരുടെ അക്കൗണ്ട് ബാങ്കുമായി ലിങ്ക് ചെയ്യണമെന്ന് നിർബന്ധമില്ല.

പൂർണ അധികാരം: ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുള്ള വ്യക്തിക്ക് ഇടപാട് പരിധി 15,000 രൂപ വരെ നിശ്ചയിക്കാം. മറ്റു അം​ഗങ്ങൾക്ക് ഇതിൽ കൂടുതൽ ഇടപാട് നടത്താൽ അനുമതിയില്ല.
ഭാഗികമായ അധികാരം: എല്ലാ ഇടപാടുകളിലും ബാങ്ക് അക്കൗണ്ടുള്ള വ്യക്തിക്ക് പൂർണ നിയന്ത്രണം ഉണ്ടായിരിക്കും.

ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത പ്രാഥമിക ഉപയോക്താവിന് രണ്ടാമത്തെ അം​ഗത്തെ ലിങ്ക് ചെയ്ത ശേഷം ഏകദേശം 30 മിനുറ്റ് കൂൾ ഓഫ് ടൈം ലഭിക്കും. ഈ സമയത്ത് ഇടപാടുകൾ നടത്താൻ സാധിക്കില്ല. ഇത് സുരക്ഷയുടെ ഭാ​ഗമായിട്ടാണ്.