തൊണ്ടയിലെ ശസ്ത്രക്രിയക്ക് വിധേയനായ 17-കാരൻ മരണപ്പെട്ട സംഭവം; ഡോക്ടറുടെ അനാസ്ഥ കാരണമെന്ന് കുടുംബം.


കണ്ണൂർ: തൊണ്ടയിലെ ശസ്ത്രക്രിയക്ക് വിധേയനായ കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി സൂര്യജിത് മരിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന ആവശ്യവുമായി കുടുംബം. ഡോക്ടറുടെ അനാസ്ഥ കാരണമാണ് 17-കാരനായ സൂര്യജിത് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ശസ്ത്രക്രിയയിൽ പിഴവുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകി. ശസ്ത്രക്രിയയ്‌ക്ക് ശേഷമുണ്ടായ മുറിവും രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം.

ഈ കഴിഞ്ഞ ജൂലൈ പതിനേഴിനായിരുന്നു സൂര്യജിതിനെ കണ്ണൂരിലെ സ്വകാര്യ ക്ലിനിക്കിൽ ടോൺസിലൈറ്റിസിന്റെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാം ദിവസം കുട്ടിയുടെ വായിൽ നിന്നും രക്തം വന്നു.

ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ഐസ് കട്ട വച്ച് തണുപ്പിച്ചു. ഇതോടെ രക്തം വരുന്നത് നിലക്കുകയും ചെയ്തു. പിറ്റേ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ കുട്ടി വീണ്ടും രക്തം ഛർദിച്ചുവെന്ന് സൂര്യജിതിന്റെ അമ്മ പറയുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ജൂലൈ 23ന് രാവിലെ കുട്ടി മരണപ്പെടുകയായിരുന്നു.