കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച എൻപിഎസ് വാത്സല്യ പദ്ധതിക്ക് ഇന്ന് തുടക്കമാകും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ന്യൂഡൽഹിയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ കുട്ടികൾ ഉൾപ്പടെ പരിപാടിയിൽ ഭാഗമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 74 ഇടങ്ങളിൽ നിന്ന് നിരവധി പേർ വെർച്വലായി ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും.
രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷണൽ പെൻഷൻ സ്കീം അക്കൗണ്ട് തുറക്കാൻ അനുവദിക്കുന്നതാണ് എൻപിഎസ് വാത്സല്യ പദ്ധതി. കുട്ടിയുടെ പേരിൽ പ്രതിവർഷം ആയിരം രൂപ മാത്രംനിക്ഷേപിച്ചാൽ മതി. കുട്ടിയുടെ പേരിലെടുക്കുന്ന അക്കൗണ്ടിൽ രക്ഷിതാക്കൾക്ക് നിക്ഷേപം നടത്താം. കുട്ടി പ്രായപൂർത്തിയാകുമ്പോൾ സ്വന്തം പേരിലുള്ള സാധാരണ എൻപിഎസ് അക്കൊണ്ടാക്കി മാറ്റിയെടുക്കാം. ഇതുവരെ 18 മുതൽ 70 വയസുവരെയുള്ളവർക്ക് മാത്രമേ എൻപിഎസ് അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നുള്ളൂ.
ചെറുപ്പത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുന്നതിനാൽ മെച്ചപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ മക്കൾക്ക് ഉറപ്പാക്കാം. കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന സ്‌കീം, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) കീഴിലായിരിക്കും പ്രവർത്തിക്കുക. ഒറ്റത്തവണയായി പിൻവലിക്കാനും ബാക്കി സാധാരണ പെൻഷൻ പേയ്മെൻ്റുകളായി സ്വീകരിക്കാനും ഈ പദ്ധതി അനുവദിക്കുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ