ആലപ്പുഴ: ചേർത്തലയിൽ പ്രസവത്തിന് ശേഷം കൊന്നുകുഴിച്ച് മൂടിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ അമ്മ ആശയുടെ സുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പ്രസവത്തിന് ശേഷം കൊന്നുവെന്ന രതീഷിന്റെ മൊഴിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പ്രതികൾ കുഞ്ഞിനെ ആദ്യം ഒളിപ്പിച്ചത്. പിടിക്കപ്പെടും എന്ന് മനസിലായതോടെയാണ് അവിടെ നിന്ന് ശുചിമുറിയിലേക്ക് മാറ്റിയത്.
പ്രസവശേഷം കുഞ്ഞിനെ രതീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് പറഞ്ഞു.
പ്രസവത്തിന് ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ആശയും രതീഷും ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. തുടർന്നാണ് പൊലീസ് ഇരുവരെയും രതീഷിന്റെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്. വീട്ടിലെ സെപ്റ്റിക് ടാങ്കിന് സമീപത്തും പൊലീസ് പരിശോധന നടത്തി. നാളെയും പരിശോധന തുടരുമെന്നാണ് വിവരം.
പള്ളിപ്പുറം സ്വദേശിനിയായ ആശ കഴിഞ്ഞ ശനിയാഴ്ചയാണ് ചേർത്തല കെ.വി.എം. ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ആശ വർക്കർ അന്വേഷിച്ചെത്തിയപ്പോൾ കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലെന്നും അതിനാൽ വിറ്റു എന്നുമാണ് യുവതി പറഞ്ഞത്. തുടർന്ന് ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. എന്നാൽ ഇവരുടെ മൊഴിയിൽ വിശ്വാസ്യത തോന്നാത്തതിനാൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ