'അര്‍ജുനെ കണ്ടെത്തുമെന്നത് ഞങ്ങളുടെ പ്രതിജ്ഞ'; അര്‍ജുന്റെ വീട്ടിലെത്തി ഈശ്വര്‍ മാല്‍പെ

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ വീട്ടിലെത്തി ഈശ്വർ മാല്‍പെ. ഉച്ചയോടെയാണ് ഈശ്വർ മാല്‍പെ കണ്ണാടിക്കലിലെ വീട്ടിലെത്തിയത്.

അർജുന്റെ വീട്ടിലെത്തിയത് കുടുംബത്തെ സമാധാനിപ്പിക്കാനാണെന്ന് ഈശ്വർ മാല്‍പെ പറഞ്ഞു.

'വലിയ പ്രതിസന്ധികള്‍ തിരച്ചില്‍ നടത്തുമ്ബോള്‍ നേരിടേണ്ടി വന്നു. അനുമതി നേടുന്നതിനാണ് ഏറ്റവും പ്രതിസന്ധി നേരിട്ടത്. ഒരു ദിവസം വെള്ളത്തില്‍ ഇറങ്ങാൻ അനുവദിച്ചാല്‍ അടുത്ത രണ്ട് ദിവസം അനുമതി നിഷേധിക്കും. മണ്ണിടിച്ചിലില്‍പ്പെട്ട എട്ട് പേരുടെ മൃതദേഹം കിട്ടി. മൂന്ന് പേരെ ഇനിയും കിട്ടാനുണ്ട്. അർജുന്റെ വണ്ടിയുടെ ജാക്കിയും കയറും കണ്ടെടുക്കാനായി. കയറ് കിട്ടിയ സ്ഥലത്ത് ഒരുപാട് മണ്ണ് നീക്കം ചെയ്യാനുണ്ട്.

ഡ്രജിങ് മെഷിൻ കൊണ്ടുവന്ന് മണ്ണ് നീക്കണം. 5 ദിവസമെങ്കിലും ഡ്രജിങ് നടത്തേണ്ടി വരും. 30 അടിയില്‍ മണ്ണ് അടിഞ്ഞിട്ടുണ്ട്. ഡ്രജർ എത്തിക്കാനുള്ള ഫണ്ട് ഇല്ലാത്ത രീതിയിലാണ് കർണാടക സർക്കാരിന്റെ നിലപാട്. കേരള സർക്കാരും വിഷയത്തില്‍ ഇടപെടണം. അർജുന്റെ മൃതദേഹമെങ്കിലും വീട്ടില്‍ എത്തിക്കുമെന്ന് അമ്മയ്ക്ക് വാക്ക് നല്‍കിയിരുന്നു. ഞങ്ങളുടെ സംഘത്തില്‍ പത്ത് പേരുണ്ട്. അർജുനെ കണ്ടെത്തുക എന്നത് ഞങ്ങള്‍ പ്രതിജ്ഞയാക്കി എടുത്തിരിക്കുകയാണെന്നും' ഈശ്വർ മാല്‍പെ പറഞ്ഞു.