2026  സെപ്റ്റംബര്‍ 2 | ബുധന്‍ 
1202  ചിങ്ങം 17 | ഭരണി
1448  റ: അവ്വൽ 20

◾  സിജെപി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ എടുത്ത കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി. ഡല്‍ഹി അടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ എടുത്ത കേസുകള്‍ റദ്ദാക്കാനാണ് ഉത്തരവ്. നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് പ്രതികരിച്ചു. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം ഗുരുതര കുറ്റകൃത്യങ്ങള്‍ക്കു വേറെ കേസെടുക്കണം. ഇതോടെ സിജെപി  ശനിയാഴ്ച ഡല്‍ഹിയില്‍ നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ചു. പരീക്ഷാ ക്രമക്കേടിനിടെ ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു.

◾  കൊച്ചി മെട്രോ റെയില്‍ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സര്‍ക്കാരിന് സമര്‍പ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് പുതിയ പാത കടന്നുപോകുന്നത്. ആലുവയില്‍നിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് 18 കിലോമീറ്റര്‍ ദൂരത്തില്‍ മൂന്ന് കിലോമീറ്റര്‍ ഭൂഗര്‍ഭപാതയായിരിക്കും.

◾  കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പു കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവും 5.30 കോടി രൂപ പിഴയും ശിക്ഷ. ഒരു മാസത്തിനകം പണം നല്‍കിയില്ലെങ്കില്‍ മൂന്നു മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ പരാതിയിലാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ ഒരു വര്‍ഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് ഭീഷണിയില്ല.


◾  കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന. അഞ്ചു ജില്ലകളിലെ 317 ശാഖകളില്‍ സിസിടിവിയും 149 ശാഖകളില്‍ അലാം സംവിധാനവും സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ ഒരു കമ്പനിക്ക് കിട്ടുന്ന വിധത്തില്‍ നടപടികളുണ്ടാക്കിയെന്ന പരാതിയിലാണ് വിജിലന്‍സിന്റെ പരിശോധന.

◾  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയാക്കിയ വിദഗ്ധ സംഘം 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്നു നടക്കുന്ന യോഗത്തില്‍ കൂടുതല്‍ പരിശോധന വേണമോയെന്ന് തീരുമാനിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയര്‍മാന്‍ ബല്‍രാജ് ജോഷി പറഞ്ഞു.

◾  സംസ്ഥാനത്തെ 23 അധ്യാപകര്‍ക്ക് അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളെ സര്‍ഗാത്മകമായി വളര്‍ത്തിയെടുക്കുന്നതില്‍ അധ്യാപകരുടെ പങ്ക് വലുതാണെന്ന് അവാര്‍ഡു പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍ പറഞ്ഞു.

◾  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ കയറ്റുമതിയുമായി ചരക്കു കപ്പല്‍ സ്പെയിനിലേക്ക് പുറപ്പെട്ടു. 'എം എസ് സി ബെറില്‍' എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലന്‍സിയ തുറമുഖത്തേക്ക് യാത്രതിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18-ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകള്‍ ഉള്‍പ്പെടെയാണ് കപ്പലിലുള്ളത്.

◾  പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യവുമായി മുന്നോട്ടു പോകാന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം. എന്നാല്‍, കടുത്ത തീരുമാനത്തിലേക്കില്ല. പുറത്ത് ചര്‍ച്ച ചെയ്ത് സ്ഥിതി വഷളാക്കിയത് സിപിഎം ആണെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.



◾  സംസ്ഥാനത്ത് മാതൃകാ പൊലീസ് സ്റ്റേഷനുകള്‍ സജ്ജമാക്കാനുള്ള ഉദ്യോഗസ്ഥരുടെ ചുമതലാ പട്ടികയില്‍ സസ്പെന്‍ഷനിലുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറും ഉള്‍പ്പെട്ടത് വിവാദമായി. 10 വര്‍ഷത്തിലേറെ സര്‍വീസുള്ള ഉദ്യോഗസ്ഥര്‍ക്ക് 59 സ്റ്റേഷനുകളുടെ ചുമതലയാണ് നല്‍കിയത്. വര്‍ക്കല സ്റ്റേഷന്റെ ചുമതലയായിരുന്നു അജിത്തിന്. വിവാദമായതോടെ ഡി.ജി.പി ഇറക്കിയ പട്ടിക പിന്‍വലിച്ചു.

◾  ദിനേശ് ബീഡി സഹകരണ സംഘം തമിഴ്‌നാട്ടിലെ കമ്പനിയിലേക്ക് 1.70 കോടി കൈമാറിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്.

◾  എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായി ഷറഫുദ്ദീന്‍ പിലാക്കലിനേയും ജനറല്‍ സെക്രട്ടറിയായി സ്വാഹിബ് മുഹമ്മദിനെയും തെരഞ്ഞെടുത്തു. റാഷിദ് കോക്കൂരാണു ട്രഷറര്‍. സംസ്ഥാന നേതൃത്വത്തില്‍ 11 വൈസ് പ്രസിഡന്റുമാരും 10 സെക്രട്ടറിമാരുമുണ്ട്.

◾  കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സമരം നടത്തിയ 16 എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു.  തന്നെ വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്തെന്ന് താത്കാലിക വിസി സിസ തോമസ് പരാതി നല്‍കിയിരുന്നു.

◾  കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വരുമാനത്തില്‍ വര്‍ധന. 10.82 കോടി രൂപയാണ് തിങ്കളാഴ്ചത്തെ ടിക്കറ്റ് വരുമാനം. കഴിഞ്ഞവര്‍ഷം സമാന ദിവസത്തെ വരുമാനം 10.2 കോടി രൂപയായിരുന്നു. പ്രിയദര്‍ശിനിയുടെ സീറോ ടിക്കറ്റ് ഉള്‍പ്പെടെയാണ് പുതിയ നേട്ടം.

◾  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോ. രേഖ കൃഷ്ണനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.



◾  സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 28 ന് നടക്കും. 29 നാണ് വോട്ടെണ്ണല്‍. ഏഴ് തദ്ദേശ ജനപ്രതിനിധികള്‍ എംഎല്‍എമാരായതിനെ തുടര്‍ന്ന് ഒഴിവുവന്നതുള്‍പ്പെടെയുള്ള വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.

◾  ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയതില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ അറസ്റ്റില്‍. പ്രതിഷേധത്തിനിടെ പൊലീസിന്റെ ഷീല്‍ഡും, ഹെല്‍മെറ്റും നശിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പി സാജുദ്ദീന്‍, നബീല്‍ നെടിയിരുപ്പ് എന്നിവരെ കോടതിയില്‍ ഹാജരാക്കി. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്, കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി സലാഹ് എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

◾  മലപ്പുറം ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നിര്‍മ്മിച്ചു നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തും. തട്ടിപ്പിന്റെ വ്യാപ്തിയും ഇതിന് പിന്നിലെ ഉദ്യോഗസ്ഥ- ഏജന്റ് അവിശുദ്ധ കൂട്ടുകെട്ടും പുറത്തുകൊണ്ടുവരുന്നതിനാണ് കേസ് വിജിലന്‍സിന് കൈമാറാന്‍ തീരുമാനിച്ചത്.

◾  സിനിമ തിയേറ്ററുകളില്‍ ആഹാര സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. തീയേറ്ററില്‍ നിന്ന് ചായ വാങ്ങി കുടിക്കാന്‍ ലോണെടുക്കേണ്ട അവസ്ഥയാണെന്നും മേയര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഇടപെടണമെന്ന് മേയര്‍ വി വി രാജേഷ്.

◾  ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരിയും സി.ആര്‍.7 ബ്രാന്‍ഡ് ഡയറക്ടറുമായ എല്‍മ അവൈറോ കോഴിക്കോട്ടെത്തി. നാളെ വൈകുന്നേരം നാലരയ്ക്കു നടക്കുന്ന ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവല്ലേഴ്‌സ് ഷോറൂമിലെ സ്പാര്‍ക്കിള്‍ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനത്തിനായാണ് കോഴിക്കോട്ടെത്തിയത്.

◾  സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കുമെന്ന് മന്ത്രി എം ലിജു. തട്ടിപ്പു കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കുമെന്ന് മന്ത്രി പറഞ്ഞു.


◾  മുണ്ടംവേലി പിആന്റ് ടി ഫ്ളാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയില്‍ ജിസിഡിഎ സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

◾  നാദാപുരം പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന പരാതിയില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ സിഐ ആയിരുന്ന ഉദയഭാനുവിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കല്ലാച്ചി പയന്തോങ്ങിലെ വലിയപറമ്പത്ത് രാഗേഷ്(39) നല്‍കിയ പരാതിയിലാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നാദാപുരം മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. 2011 ല്‍ വില്യാപ്പള്ളിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന രാഗേഷിനെ ഉദയഭാനു കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്നാണു കേസ്.

◾  തൃശ്ശൂരിലെ കൊരട്ടിയില്‍ മദ്യലഹരിയില്‍ അതിഥി തൊഴിലാളിയെ കഴുത്തറത്ത് കൊലപ്പെടുത്തി. ആസാം സ്വദേശിയായ ഹക്കീം മുണ്ട്രി (50) ആണ് കൊല്ലപ്പെട്ടത്. അന്യസംസ്ഥാനക്കാരനായ പിലിമോനെ (40) അറസ്റ്റു ചെയ്തു.

◾  സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ 54 കാരന്‍ മരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു.  പാലാങ്കര മടക്കുംമുട്ടില്‍ ഷിബുവിനെയാണ് (46) നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പാലാങ്കര പുന്നപ്പാല അസൈനാര്‍ (54)  ആണ് മരിച്ചത്.

◾  ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ മദ്യവില്‍പന നടത്തിയ ഡെലിവറി ബോയി പിടിയില്‍. എറണാകുളം മട്ടാഞ്ചേരിയില്‍നിന്ന്പനയപ്പള്ളി സ്വദേശി ലിബിനാണ് പിടിയിലായത്. 42 കുപ്പികളിലായി 21 ലിറ്ററിലധികം മദ്യമാണ് പോലീസ് പിടികൂടിയത്.

◾  കഴിഞ്ഞ സര്‍ക്കാര്‍ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് കണക്കുകള്‍ നിരത്തി മറുപടി നല്‍കി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു എന്ന് പാര്‍ലമെന്റിലെ രേഖകളിലുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

◾  മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയില്‍. കോട്ടയം ചേറാടി സ്വദേശികളായ സുനില്‍ കുമാര്‍ സി ജി, അനില്‍ കുമാര്‍ സി ജി, ഇടുക്കി പാലത്തോട്ടത്തില്‍ സ്വദേശി അഭിലാല്‍ മധു, കോന്നി അരുവാപ്പുലം സ്വദേശി പ്രശാന്ത് എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.

◾  കുറ്റ്യാടി നരിക്കൂട്ടും ചാലില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തൊട്ടില്‍പാലത്തുനിന്ന് വടകരയ്ക്കു പോവുകയായിരുന്ന സ്വകാര്യ ബസ്സും, എതിര്‍ദശയില്‍ നിന്ന് വളവു കയറി വന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

◾  മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടികയില്‍നിന്ന് രണ്ട് കോടിയിലധികം വോട്ടര്‍മാരെ ഒഴിവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പി ക്കുവേണ്ടി പണിയെടുക്കുകയാണെന്നു കോണ്‍ഗ്രസ്. എസ്.ഐ.ആര്‍. കരട് വോട്ടര്‍ പട്ടികയില്‍നിന്ന് 2.07 കോടി വോട്ടര്‍മാരെ ഒഴിവാക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയില്‍  പെട്ടെന്ന് 39 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി.

◾  കേന്ദ്രസര്‍ക്കാറിനെതിരെ പോരാട്ടം ശക്തമാക്കി സിപിഐയുടെ ബദലാവ് റാലി സമാപിച്ചു. രാംലീല മൈതാനത്ത് നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. അടുത്തകാലത്ത് സിപിഐ ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഏറ്റവും വലിയ പ്രതിഷേധ പരിപാടിയില്‍ കേരളത്തില്‍നിന്ന് 1700 പ്രതിനിധികളാണ് പങ്കെടുത്തത്.

◾  ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഈ മാസം 11 ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു.  സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസത്തെ സമരവും ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല സമരവും നടത്തുമെന്ന് യു എഫ് ബി യു അറിയിച്ചു.

◾  അയോധ്യ രാമക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് ആദ്യമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍. ഇന്ന് അയോധ്യയില്‍ നടക്കുന്ന യോഗത്തില്‍ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാല്‍ ദാസിന് സമര്‍പ്പിക്കും.

◾  കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി പ്രസിഡന്റുമായ ചിരാഗ് പാസ്വാന് വധഭീഷണി. കൊടുംഭീകരന്മാര്‍ ചേര്‍ന്ന് മന്ത്രിയെ ഉടന്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മന്ത്രിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് അന്വേഷണം ആവശ്യപ്പെട്ടു.

◾  ഇന്ത്യന്‍ പ്രതിരോധ സേനയില്‍ ടു-സ്റ്റാര്‍ റാങ്കിലെത്തുന്ന മെഡിക്കല്‍ ഇതര വിഭാഗത്തിലെ ആദ്യ വനിതാ ഓഫീസറായി എയര്‍ വൈസ് മാര്‍ഷല്‍ ശക്തി ശര്‍മ്മ. എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (എജ്യുക്കേഷന്‍) ആയി ശക്തി ശര്‍മ്മ ചുമതലയേറ്റു.

◾  പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ അനന്തരവള്‍ 28 കാരിയായ ബ്രിസ്റ്റി മുഖര്‍ജി ബംഗാളിലെ രാംപുര്‍ഹട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. മമത ബാനര്‍ജിയുടെ കസിനും പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ നിഹാര്‍ മുഖര്‍ജിയുടെ മകളാണ് ബ്രിസ്റ്റി മുഖര്‍ജി.

◾  ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ കേന്ദ്രങ്ങള്‍ക്കുനേരെ യു.എസ്. വീണ്ടും ആക്രമണം നടത്തി.  ഖെഷം ദ്വീപ്, ബന്ദര്‍ അബ്ബാസ്, ചാബഹാര്‍, ജാസ്‌ക്, സിരിക് തുടങ്ങിയ ഇറാന്‍ തീരദേശങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടന്നു.

◾  ഹോര്‍മുസിലൂടെ കപ്പലുകളൊന്നും കടന്നു പോകുന്നില്ലെന്ന് ഇറാന്‍. 120 കപ്പലുകള്‍ കടന്നുപോയിരുന്ന ഹോര്‍മൂസിലുടെ ഒന്നോ രണ്ടോ കപ്പലുകളാണ് കടന്നു പോകുന്നതെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു. ഹോര്‍മൂസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന അമേരിക്കന്‍ അവകാശവാദത്തെ ഇറാന്‍ തള്ളി.

◾  നേപ്പാളിലെ മിന്നല്‍ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍ പ്രിയ അധികാരി. റസുവ ജില്ലയിലെ കൂടുതല്‍ നാശനഷ്ടമുണ്ടായ തിമുരെ ഗ്രാമം കേന്ദ്രീകരിച്ച് ആറ് ദിവസത്തിനിടെ നൂറിലേറെ രക്ഷാദൗത്യങ്ങളാണ് നാല്‍പ്പതുകാരിയായ പ്രിയ അധികാരി വിജയകരമായി പൂര്‍ത്തിയാക്കിയത്.

◾  കെസിഎല്ലില്‍ ആലപ്പി റിപ്പിള്‍സിനെതിരെ 69 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കൗമാരതാരം ജോബിന്‍ ജോബിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ കൊച്ചി പടുത്തുയര്‍ത്തിയ 243 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്ന ആലപ്പിക്ക് 173 റണ്‍സ് മാത്രമാണ് നേടാനായത്. ജോബിന്‍ ജോബിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. തോറ്റെങ്കിലും ആലപ്പി സെമിയിലേക്ക് മുന്നേറി.

◾  കെസിഎല്ലില്‍ സെമി ഉറപ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്. ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്പിച്ചാണ് തൃശൂര്‍ അവസാന നാലില്‍ ഇടംപിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത സെയിലേഴ്‌സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ്, നാല് പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ട്രിവാന്‍ഡ്രം റോയല്‍സും അവസാന നാലില്‍ ഇടം പിടിച്ചു.

◾  അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ ഉപനായകനായി തിലക് വര്‍മയുമുണ്ട്. സെപ്റ്റംബര്‍ 13, 15, 17 തീയതികളിലാണ് മത്സരങ്ങള്‍. ഡല്‍ഹിയിലാണ് എല്ലാ മത്സരങ്ങളും.

◾  വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സിന്റെ 210 കോടി രൂപയുടെ പ്രാരംഭ പൊതുഓഹരി വില്‍പ്പന സെപ്റ്റംബര്‍ 10 ന് ആരംഭിക്കും. കേരളത്തില്‍ നിന്ന് പബ്ലിക് ലിസ്റ്റിംഗിനൊരുങ്ങുന്ന ആദ്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണിത്. 15-ന് ഐ.പി.ഒ അവസാനിക്കും. 18-ന് ബി.എസ്.ഇ, എന്‍.എസ്.ഇ തുടങ്ങിയ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യും. ഓഹരിയൊന്നിന് 130 മുതല്‍ 140 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്ക് 50 ശതമാനവും ചെറുകിട നിക്ഷേപകര്‍ക്ക് 35 ശതമാനവും സ്ഥാപനേതര നിക്ഷേപകര്‍ക്ക് 15 ശതമാനം ഓഹരികള്‍ വീതവും മാറ്റിവെച്ചിരിക്കുന്നു. അര്‍ഹരായ നിക്ഷേപകരുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് 17-ന് ഓഹരികള്‍ ക്രെഡിറ്റ് ചെയ്യപ്പെടും. 2024-25 ലെ 196.22 കോടി രൂപയില്‍ നിന്ന് 30% വര്‍ധിച്ച് 2025-26-ല്‍ കമ്പനിയുടെ വരുമാനം 254.16 കോടി രൂപയായി. അറ്റാദായം 30% വര്‍ധനയോടെ 26.61 കോടി രൂപയിലെത്തി.

◾  വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ടെക് കമ്പനിയായ ഒറാക്കിള്‍. ഇന്ത്യയിലെ ജീവനക്കാരെയടക്കം ഇത്തവണത്തെയും നടപടി ബാധിച്ചേക്കും. കഴിഞ്ഞ മാര്‍ച്ച് 31-ന് നടത്തിയ കൂട്ടപ്പിരിച്ചുവിടലില്‍ ആഗോള തലത്തില്‍ 20,000 മുതല്‍ 30,000 വരെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ത്യയിലെ 12,000-ത്തോളം പേര്‍ക്ക് ജോലി പോയി. ശമ്പളച്ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിനകം തുടക്കം കറിക്കുക എന്നതാണ് ലക്ഷ്യം. എഐ ഡേറ്റാ സെന്ററുകള്‍ക്കായി വന്‍തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് വന്‍തോതിലുള്ള കൂട്ടപ്പിരിച്ചുവിടല്‍ ഒറാക്കിളിന് നടത്തേണ്ടിവരുന്നത്. മൂലധനച്ചെലവ് മുന്‍വര്‍ഷത്തെ 21.2 ബില്യണ്‍ ഡോളറില്‍ നിന്ന് 55.7 ബില്യണ്‍ ഡോളറായി. വരുമാനത്തെക്കാള്‍ 23.7 ബില്യണ്‍ ഡോളര്‍ കൂടുതല്‍ പണം ചെലവഴിച്ചു. 43 ബില്യണ്‍ ഡോളര്‍ കടമായും 5 ബില്യണ്‍ ഡോളര്‍ ഓഹരികളിലൂടെയും സമാഹരിച്ചു.

◾  തമിഴ് നടന്‍ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം 'മണ്ടാടി'യുടെ ടീസര്‍ പുറത്ത്. ടീസറിന്റെ മലയാളം പതിപ്പ് ആണ് ഇപ്പൊള്‍ പുറത്തുവന്നിരിക്കുന്നത്. ആഗോള റിലീസ് സെപ്റ്റംബര്‍ 10നാണ്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാര്‍. കടലോരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം, 100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തമിഴ്‌നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത നടന്‍ സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥുന്‍ ജയ് ശങ്കര്‍, രവീന്ദ്ര വിജയ്, ബാല ശരവണന്‍, സ്റ്റണ്‍ ശിവ, കൃതിക ബാലസുബ്രഹ്‌മണ്യം എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

◾  പാര്‍വതി തിരുവോത്ത് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 11-നാണ് ചിത്രത്തിന്റെ റിലീസ്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പാര്‍വതി തിരുവോത്താണ് വേഷം ചെയ്യുന്നത്. പാര്‍ഥിപന്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീണ്‍കുമാര്‍, സിറാജ്, നിയാസ് ബക്കര്‍ തുടങ്ങിയ ഗംഭീരതാരനിരയും ചിത്രത്തിലുണ്ട്. തിരക്കഥ നിര്‍വഹിക്കുന്നത് പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്.

◾  ടൊയോട്ടയുടെ പ്രീമിയം വാഹന ബ്രാന്റായ ലെക്‌സസിന്റെ എക്‌സിക്യുട്ടീവ് സെഡാന്‍ മോഡലായ ഇഎസ് 350എച്ചിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്‌സ്‌ക്യുസിറ്റ്, ലക്ഷ്വറി എന്നീ രണ്ട് വേരിയന്റുകളില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് യഥാക്രമം 66.10 ലക്ഷം രൂപയും 71.80 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ തന്നെ പ്രദേശികമായി ഒരുങ്ങിയ വാഹനമെന്ന് സവിശേഷതയോടെയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. എട്ടാം തലമുറ പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയിലും എത്തിയിരിക്കുന്നത്. 2.5 ലിറ്റര്‍ നാല് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം പുതുതായി വികസിപ്പിച്ച ഹൈബ്രിഡ് സംവിധാനവും ലിഥിയം അയേണ്‍ ബാറ്ററിയുമാണ് നല്‍കിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 189 ബിഎച്ച്പി പവറും 237 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 162 ബിഎച്ച്പി പവറാണ് ഇലക്ട്രിക് മോട്ടോര്‍ നല്‍കുന്നത്. 25.22 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തില്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.

◾  ഒരു നിമിഷമെങ്കിലും മനുഷ്യനായി ജീവിക്കാനാണ് അവള്‍ ഒരു ചെറു ചുവടുവെച്ചത്... നക്ഷത്രക്കൂട്ടങ്ങളുടെ താക്കോലുകളുപയോഗിച്ച് വാതില്‍ തുറക്കാന്‍ കഴിയുന്ന വീടിനെക്കുറിച്ചുള്ളതായിരുന്നു അവളുടെ സ്വപ്നങ്ങള്‍... പക്ഷേ, വേണ്ടപ്പെട്ടവര്‍തന്നെ ചുറ്റിവരിയുന്ന സര്‍പ്പമായി മാറിയതോടെ സ്വപ്നം കാണാന്‍ പോലും അവള്‍ക്കു ഭയമായി. താനെന്ന 'പാനീയ'ത്തെ വലിച്ചുകുടിച്ച് ചുണ്ടു തുടച്ചശേഷം അടുത്ത 'പാനീയ'ത്തെ തേടിപ്പോകുന്ന സമൂഹത്തിലാണ് ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം അവളെ നാലുചുറ്റുംനിന്ന് വരിഞ്ഞുമുറുക്കി... പെണ്ണുടലുമായി ജീവിച്ചിരിക്കുന്നതിന്റെ മുറിപ്പാടുകള്‍ പേറുന്ന 16 കഥകള്‍. 'ഒരു പെണ്‍കുട്ടി ഒരു പാനീയം'. അമൃതാ പ്രീതം. പരിഭാഷ - രാജീവ് ഒതയമംഗലത്ത്. മാതൃഭൂമി. വില 161 രൂപ.

◾  സ്ത്രീകളിലും പുരുഷന്മാരിലും ടൈപ് 2 പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ വ്യത്യസ്തമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ടൈപ്പ് 2 പ്രമേഹമുള്ള പുരുഷന്മാരില്‍ ഹൃദ്രോഗമോ അന്തിമഘട്ട വൃക്കരോഗമോ വരാനുള്ള സാധ്യത കൂടുതലാണെന്നും എന്നാല്‍ സ്ത്രീകളില്‍ ഉത്കണ്ഠ, വിഷാദം, തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹം ബാധിച്ച സ്ത്രീകളില്‍ പ്രമേഹം നിര്‍ണയിച്ചതിനുശേഷം ഉത്കണ്ഠ, വിഷാദം പോലുള്ളശ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ കൂടുതലായിരുന്നു. അതേസമയം പുരുഷന്മാരില്‍ ഹൃദ്രോഗത്തിന്റെയും വൃക്കരോഗത്തിന്റെയും സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. ഇരുവിഭാഗങ്ങളിലും ഉയര്‍ന്ന രക്തസമ്മര്‍ദം ഏറ്റവും സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണെന്നും ഗവേഷകര്‍ കണ്ടെത്തി. പ്രമേഹവും രക്തസമ്മര്‍ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും രണ്ടും ഒരുപോലെ നിരീക്ഷിച്ച് ചികിത്സിക്കണമെന്നും വ്യക്തമാക്കുകയാണ് ഗവേഷകര്‍. ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചതിനുശേഷം മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളവരില്‍ അകാലമരണസാധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. ശരീരത്തിന് ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇവിടെ സംഭവിക്കുന്നത്. ഇത് ഇന്‍സുലിന്‍ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാന്‍ക്രിയാസിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങള്‍, ജനിതക ഘടന, അമിതവണ്ണം എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
കടല്‍കാക്കയുടെ കുഞ്ഞ് വലിയ പാറക്കെട്ടിനുള്ളിലെ പൊത്തില്‍തന്നെയിരിപ്പാണ്.  മറ്റ് കുഞ്ഞുങ്ങളെല്ലാം പറന്നു തുടങ്ങിയെങ്കിലും അവന്‍ മാത്രം പേടിച്ചിരിക്കുകയാണ്.  ആദ്യ ദിവസങ്ങളിലെല്ലാം അച്ഛനുമമ്മയും പൊത്തിനുളളിലേക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുമായിരുന്നു. പിന്നീട് ഒരു ദയയും കാണിക്കാതെ അവരും മറ്റു കുഞ്ഞുങ്ങളും താമസം മാറി. വിശന്നു തുടങ്ങിയ അവന്‍ താഴേക്ക് നോക്കിയപ്പോള്‍ തന്റെ കുടുംബക്കാര്‍ മുഴുവനും കടലില്‍ മീന്‍ പിടിക്കുന്നത് കണ്ടു.   എങ്കിലും അവന്‍ പൊത്തില്‍ തന്നെ തുടര്‍ന്നു. വിശന്നു മരിക്കുമെന്നായപ്പോള്‍ തല പുറത്തേക്കിട്ടു.  അപ്പോഴാണ് അമ്മ ഒരു കഷ്ണം മീനുമായി പുറത്ത് നില്‍ക്കുന്നത് കണ്ടത്.  അത് കൊത്തിയെടുക്കാന്‍ മുന്നോട്ടാഞ്ഞപ്പോള്‍ അമ്മ ഒഴിഞ്ഞുമാറി.  താഴെവീണ അവന്‍ അറിയാതെ ചിറകുകള്‍ വിരിച്ചു.  ആദ്യമായി പറന്നുതുടങ്ങി.  ചിറകുകള്‍ വിരിക്കാതെ മണ്ണില്‍ നിന്നും ഉയരാനാകില്ല.  സ്വയം ആരെന്ന് തിരിച്ചറിയാത്തവരെല്ലാം തങ്ങള്‍ക്ക് അര്‍ഹിക്കാത്തയിടങ്ങളില്‍ നിന്ന് ഉഴലുകയേ ഉള്ളൂ.. വിരിയാത്ത ചിറകുകള്‍ എല്ലാം തൂവല്‍ശേഖരങ്ങള്‍ ആകുകയേ ഉള്ളൂ.. ശരീരം പൊതിഞ്ഞു നിര്‍ത്താന്‍ മാത്രമല്ല എടുത്തുയര്‍ത്താന്‍ കൂടി ശേഷിയുളളതാണ് ചിറകുകള്‍ എന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമാണ് അവയ്ക്ക് അനക്കം വെക്കുകയുളളൂ.. ചിറകുകള്‍ വിരിയട്ടെ, പുതിയ മേച്ചില്‍ പുറങ്ങളില്‍ വിഹരിക്കാന്‍ സാധിക്കട്ടെ - ശുഭദിനം.