കോഴിക്കോട്: ഷിഗെല്ലയിൽ വീണ്ടും ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. ഈ മാസം 12നാണ് വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്.

നേരത്തെ കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്. എൽകെജി വിദ്യാർത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒന്‍പതു വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വയസുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഒന്‍പതു വയസുകാരന്‍ ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ രോഗം ബാധിച്ചവര്‍ 61 ആയി. രോഗബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടിയിലെ ഇളനീര്‍ പാര്‍ലര്‍ ഇന്നലെ അടപ്പിച്ചിരുന്നു.