2026 മേയ് 29, വെള്ളി
1201 ഇടവം 15 , ചോതി
1447 ദുൽഹിജ്ജ 11
◾ നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. വി.ഡി. സതീശന് സര്‍ക്കാരിന്റെ വികസന നയപരിപാടികള്‍ പ്രസംഗത്തിലുണ്ടാകും. പിണറായി വിജയന്റെ വസതിയിലെ എന്‍ഫോഴ്സ്മെന്റ് പരിശോധനകളും അതിക്രമവും നിയമസഭയില്‍ ചര്‍ച്ചയാകാനും സാധ്യത.
◾ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകും. മുന്‍ ധാരണയനുസരിച്ചു രാജിവയ്ക്കാന്‍ വൈമനസ്യം പ്രകടിപ്പിച്ച സിദ്ധരാമയ്യ ഹൈക്കാന്‍ഡിന്റെ സമ്മര്ദത്തിനുശേഷമാണു രാജിക്കു തയാറായത്. എന്നാല്‍, ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിനാല്‍ രാജിവച്ചെന്നും രാജ്യസഭയിലേക്ക് ഇല്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
◾ പിണറായി വിജയന്റെ മകള്‍ വീണാ വിജയനും അവരുടെ എക്സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയില്‍നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഒരു സേവനവും നല്‍കാതെ കൈപ്പറ്റിയ ഈ തുക അന്നത്തെ മുഖ്യമന്ത്രിക്കുള്ള പാരിതോഷികമാണെന്നാണു വ്യാഖ്യാനം. വീണയുടേതടക്കം 242 ബാങ്ക് അക്കൗണ്ടുകളും അവയിലെ 18.36 കോടി രൂപയുടെ നിക്ഷേപങ്ങളും മരവിപ്പിച്ചു. വീണയുടെ സ്ഥിര നിക്ഷേപങ്ങള്‍ അടക്കമുള്ള പണമിടപാടുകളുടെ രേഖകളും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു.
◾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. പോലീസിനെ അറിയിക്കാതെ സ്വന്തം സുരക്ഷാ ക്രമീകരണവുമായാണ് ഇഡി എത്തിയത്. ആക്രമണം നടന്ന സ്ഥലത്ത് അമ്പതോളം പോലീസുകാരെ വിന്യസിച്ചിരുന്നു. അക്രമം നടത്തിയ എട്ട് പ്രതികളെ ഇന്നലെത്തന്നെ അറസ്റ്റുചെയ്തു. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായോയെന്നും പരിശോധിച്ച് നടപടി സ്വീകരിക്കും. ഡിജിപി പറഞ്ഞു.
◾ പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറിനു മതിയായ സുരക്ഷ നല്‍കാതിരുന്നതിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിയോടു വിശദീകരണം തേടി. ഡിജിപി റവാഡ ചന്ദ്രശേഖര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി. ഇന്റലിജന്‍സ് ഐജി പി. വിജയന്, ഉപദേഷ്ടാവ് മുന്‍ ഡിജിപി എ ഹേമചന്ദ്രന് എന്നിവരും എത്തി. കേന്ദ്ര ആഭ്യന്തര വകുപ്പും വിശദീകരണം തേടിയിട്ടുണ്ട്.
◾ ഇഡി ഉദ്യോഗസ്ഥരുടെ കാറുകള്‍ തകര്‍ത്ത അക്രമക്കേസില്‍ ആറു സിപിഎം പ്രവര്‍ത്തകരെകൂടി പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. മുന്നൂറു പേര്‍ക്കെതിരേയാണു കേസ്. സിപിഎം പാളയം ലോക്കല്‍ സെക്രട്ടറിയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറുമായ ഐപി ബിനു അടക്കമുള്ളവര്‍ കീഴടങ്ങുകയായിരുന്നു. ഇനിയും കൂടുതല്‍ അറസ്റ്റുണ്ടാകും.
◾ പിണറായി വിജയന് ഏറ്റവും ശക്തമായ കുന്തമുനയാണെന്നും അതു തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. വിണ വിജയനെതിരായ എന്‍ഫോഴ്സ്മെന്റ് റെയ്ഡില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് എല്‍ഡിഎഫ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ പറയാന്‍ പേടിയില്ല. മോദി ഇതില്‍ ഒന്നാം പ്രതിയാണ്. ഈ കേസിന് ഗൗരവമില്ലെന്നും കേസുതന്നെ ഇല്ലെന്നും ഗോവിന്ദന് പ്രസംഗിച്ചു.
◾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികളെ വഞ്ചിയൂര്‍ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വധശ്രമം, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്.
◾ പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനോട് യോജിക്കുന്നില്ലെന്നും ബിജെപി ഇഡിയെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ഷിബു ബേബി ജോണ്‍. പിണറായിക്കും കുടുംബത്തിനും ഒന്നും മറയ്ക്കാനില്ലെങ്കില്‍ സിപിഎമ്മുകാരെക്കൊണ്ട് അക്രമം നടത്തിച്ചല്ല നേരിടേണ്ടത്. ഇഡി റെയ്ഡിന് പിണറായി വിജയന് രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയത് മോദിയെ സന്തോഷിപ്പിക്കാനാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
◾ പിണറായി വിജയന്റെ വീടുകളിലും മറ്റും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡില്‍ പ്രതിഷേധിച്ച് എറണാകുളത്ത് മാര്‍ച്ച് നടത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്, പി. രാജീവ്, എം. സ്വരാജ്, അഡ്വ. അരുണ്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെയാണ് കേസ്.
◾ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്ത ടാക്സി കാര്‍ തകര്‍ക്കപ്പെട്ടതില്‍ ഖേദമുണ്ടെന്നും കാര്‍ ഡ്രൈവര്‍ ശ്യാമിന്റെ ആശങ്ക പാര്‍ട്ടി പരിഹരിക്കുമെന്നും എ.എ. റഹിം എംപി. പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് സംഘപരിവാര്‍ നടത്തിയ ആസൂത്രിത നീക്കമാണ്. പ്രവര്‍ത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതോടെയാണ് അക്രമമുണ്ടായത്. റഹിം പറഞ്ഞു.
◾ മോദി, അമിത് ഷാ എന്നിവര്‍ക്കെതിരെ കഴിഞ്ഞ 10 വര്‍ഷം ഒറ്റ വാക്കു പോലും മിണ്ടാത്ത പിണറായി വിജയന് ആരേയോ ഭയക്കുന്നുണ്ടെന്ന് മന്ത്രി എ പി അനില്‍ കുമാര്‍. കേന്ദ്ര സര്‍ക്കാരിനെതിരെ മിണ്ടാന്‍ പിണറായി വിജയന് ഭയമാണെന്നും മന്ത്രി പറഞ്ഞു.
◾ പിണറായി പ്രതിപക്ഷ നേതാവ് ആകരുതെന്ന് കവി കെ. സച്ചിദാനന്ദന്. ഊര്‍ജ്ജസ്വലനായ പ്രതിപക്ഷ നേതാവിനെ കണ്ടെത്തണം. ഇഡിക്കെതിരായ സിപിഎം ആക്രമണത്തെയും സച്ചിദാനന്ദന് വിമര്‍ശിച്ചു. എന്നാല്‍ എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ചു വേട്ടയാടുന്നതു ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ എന്‍ഫോഴ്സ്മെന്റിന്റെ റെയ്ഡിനു പിറകേയുണ്ടായ അക്രമം തടയാനാകാത്തത് സംസ്ഥാനത്തെ പോലീസിന്റെ ഗുരുതര വീഴ്ചയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കരിമണല്‍ കടത്തിന് വീണ വിജയന് മാത്രമല്ല സിപിഎം നേതാക്കളും യുഡിഎഫ് നേതാക്കളും പണം കൈപ്പറ്റിയിട്ടുണ്ടെന്നും സുരേന്ദ്രന്.
◾ മുഹമ്മദ് റിയാസ് എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനെ തുടര്‍ന്ന് പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, എ പ്രദീപ് കുമാര്‍, പി മോഹനന് തുടങ്ങി 57 പേര്‍ക്കെതിരെയാണ് കേസ്.
◾ ഇഡിയുടെ ടാക്സി കാറുകള്‍ക്കെതിരേ ആക്രമണത്തിന് നേതൃത്വം നല്‍കിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളെന്ന് മേയര്‍ വിവി രാജേഷ്. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അവരെ കണ്ടുപിടിക്കാതിരിക്കുന്നത് തിരുവനന്തപുരത്ത് കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ കേരളത്തിന്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. കേരള മോഡല്‍ അഭിമാനമാണെന്നും അതേസമയം കഴിഞ്ഞ 20 വര്‍ഷമായി കേരള മോഡലിന് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പൗരാവലി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ രാജകുടുംബവുമായി അടുപ്പമുള്ളവര്‍ പരിശോധനകളില്ലാതെ ചെമ്പകത്തുമൂട് വഴി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കയറിയിറങ്ങുന്നതു സുരക്ഷാ വീഴ്ചയാണെന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്. പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയുടെ അടിയന്തരയോഗം ഇന്നു നടക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു കൈമാറിയത്. കോടികള്‍ വിലയുള്ള അമൂല്യമായ പല വസ്തുക്കളും ക്ഷേത്രത്തില്‍ നിന്ന് കാണാതായിയെന്നാണ് ഡിജിപി റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
◾ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ പരിധിയിലുള്ള മലങ്കര ഡാമില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നു. ഷട്ടറുകള്‍ രണ്ടു മീറ്റര്‍ വരെ ഉയര്‍ത്തും.
◾ ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. അടിയന്തരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ച കോടതി, വീഴ്ച ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
◾ ഓഫീസിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം ചെക്കാലമുക്ക് 'സിന്ധു ഭവനില്‍' രാഹുല്‍ പി അശോക് (38) ആണ് പിടിയിലായത്. ഇയാളുടെ പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളില്‍ പവര്‍ ബാങ്കുമായി ഘടിപ്പിച്ച് ഒളിക്യാമറ വച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.
◾ 20 വര്‍ഷമായി ഒളിവിലായിരുന്ന വഞ്ചന കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. എലൂര്‍ പോലീസ് സ്റ്റേഷനില്‍ 2006-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശി ചേലാട്ട് വീട്ടില്‍ സെബാസ്റ്റ്യനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
◾ തിരുവനന്തപുരം വെമ്പായത്തെ അമ്യൂസ്മെന്റ് പാര്‍ക്കായ ഹാപ്പി ലാന്‍ഡില്‍ അപകടം. റൈഡറിന്റെ വെല്‍ഡിങ്ങ് പൊട്ടി വീണാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനല്‍കാന്‍ 24 വര്‍ഷം കാലതാമസം വരുത്തിയ കെഎസ്ഇബി 4.49 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്. എറണാകുളം തമ്മനം സ്വദേശിനി റീത്ത പി. അന്തോണി നല്കിയ പരാതിയിലാണ് ഉത്തരവ്. 1998 മാര്‍ച്ച് 13ന് വാങ്ങിയ വീടിന്റെ വൈദ്യുതി കണക്ഷന് സ്വന്തം പേരിലാക്കാനാണ് അപേക്ഷ നല്‍കിയത്.
◾ ഇക്വറ്റോറിയല്‍ ഗിനിയ അന്യായ തടവില്‍ വച്ച മൂന്ന് മലയാളികളടക്കം 26 നാവികരെയും കുറ്റവിമുക്തരാക്കി അന്താരാഷ്ട്ര കോടതി. അന്യായ കസ്റ്റഡിക്ക് നാവികര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കപ്പല്‍ കമ്പനി കെട്ടി വെച്ച 20 ലക്ഷം യൂറോ തുക അടക്കം തിരികെ നല്‍കണമെന്നും ഇന്റര്‍നാഷണല്‍ ട്രിബ്യൂണല്‍ ഫോര്‍ ലോ ആന്റ് സീ ഉത്തരവിട്ടു. 2022 ഓഗസ്റ്റിലാണ് ഇക്വറ്റോറിയല്‍ ഗിനിയയില്‍ 16 ഇന്ത്യക്കാര്‍ അടക്കമുള്ളവരെ കസ്റ്റഡിയില്‍ എടുത്തത്.
◾ താരസംഘടനയായ 'അമ്മ'യിലെ ചേരിപ്പോരില്‍ നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. അന്‍സിബ ഹസന്, ടിനി ടോം, കുക്കു പരമേശ്വരന്, ലക്ഷ്മി പ്രിയ എന്നിവര്‍ക്കാണ് നോട്ടീസ്. ജൂണ്‍ ഒന്നിനും മൂന്നിനും ഇടയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണം. ജൂണ്‍ ആദ്യ ആഴ്ച അന്‍സിബയെ കേള്‍ക്കാന്‍ അമ്മ നേതൃത്വം തീരുമാനിച്ചു.
◾ അമ്മ എക്സിക്യൂട്ടീവ് അംഗമായ ടിനി ടോമിനും എക്സിക്യുട്ടീവ് കമ്മിറ്റിയിലെ നടി ലക്ഷ്മിപ്രിയക്കുമെതിരെ ഉന്നയിച്ച പരാതി നിഷ്പക്ഷമായി കേള്‍ക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് നടി അന്‍സിബ ഹസന്. രമേഷ് പിഷാരടി, മാലാ പാര്‍വതി, ധ്യാന്‍ ശ്രീനിവാസന് എന്നീ മൂന്നുപേരുകള്‍ അന്‍സിബ നിര്‍ദേശിച്ചിട്ടുണ്ട്.
◾ നടി അന്‍സിബ തനിക്കെതിരേ പരാതി നല്കിയ നടി ലക്ഷ്മിപ്രിയയ്ക്കും അതന്വേഷിച്ച തൃപ്പൂണിത്തുറ സബ് ഇന്‍സ്പെക്ടര്‍ രേഷ്മയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. വ്യാജ പരാതിയുടെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍വച്ചെന്ന് പരാതിയില്‍ പറയുന്നു. സ്റ്റേഷനില്‍ വെച്ച് അവഹേളിച്ചു. അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുമുണ്ട്.
◾ സംസ്ഥാന വഖഫ് ബോര്‍ഡ് മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതു നിയമപരമായ ചുമതലയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ നിയമവിരുദ്ധമാകുമെന്നും മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് സി എന്‍ രാമചന്ദ്രന് നായര്‍. കോടതി ഉത്തരവ് അനുസരിച്ചാകും ഭൂമിയുടെ അന്തിമ തീരുമാനമെന്നും ജുഡീഷ്യല്‍ കമ്മീഷന് പറഞ്ഞു.
◾ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച് 18 മാസത്തിനകം 20 ലക്ഷം ടിയുഇ ചരക്കു കൈകാര്യം ചെയ്ത് ചരിത്ര നേട്ടം കൈവരിച്ചു. സാധാരണയായി ഉപയോഗിക്കുന്ന 20 അടി നീളമുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് ഷിപ്പിംഗ് കണ്ടെയ്നറിന് സമമാണ് ഒരു ടിഇയു. ഈ നേട്ടം ഏറ്റവും വേഗത്തില്‍ കൈവരിക്കുന്ന ഇന്ത്യന്‍ തുറമുഖമാണ് വിഴിഞ്ഞം.
◾ കൊല്ലം ചിതറ ചല്ലിമുക്കില്‍ മുന്‍ മന്ത്രി വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. ഇവര്‍ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ മഴമൂലം റോഡില്‍നിന്നു തെന്നി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. കാര്‍ നിയന്ത്രണം വിട്ട് റോഡിനു സൈഡിലുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു.
◾ നാട്ടില്‍ എത്തുമെന്ന് കരുതിയില്ലെന്ന് സൗദി അറേബ്യയില്‍ 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം തിരിച്ചത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം. സഹായങ്ങള്‍ക്കും നിയമ സംവിധാനങ്ങള്‍ക്കും നന്ദിയെന്ന് അബ്ദുല്‍ റഹീം പ്രതികരിച്ചു. രാവിലെ 8.30 യോടെ നിറകണ്ണുകളുമായി കരിപ്പൂരിലെത്തിയ റഹീമിനെ നിയമ സഹായ സമിതിയും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു.
◾ രണ്ടിടങ്ങളില്‍ ഒഴുക്കില്‍പ്പെട്ട് മരണം. തിരുവനന്തപുരത്ത് പേയാട് കാവടിക്കടവില്‍ കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത്തിനെ കാണാതായി. പെരുമ്പാവൂരില്‍ പാറമടയിലുണ്ടായ അപകടത്തില്‍ മോഡലായ യുവാവ് മരിച്ചു. പരസ്യ ചിത്രീകരണത്തിന് ലൊക്കേഷന്‍ നോക്കാനെത്തിയ ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷൂ ജോഷി (26) ആണ് മരിച്ചത്.
◾ കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ചേരാനല്ലൂര്‍ സിഗ്നല്‍ ജങ്ഷന് പരിസരത്ത് നിന്ന് 247 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴ എഴുപുന്ന സ്വദേശി ജീസ്മോന് വര്‍ഗീസിനെ (24) പോലീസ് പിടികൂടി. മഞ്ഞുമ്മല്‍ ഭാഗത്ത് നിന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ ഹൃദയിനെ (18) 13.618 കിലോഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു.
◾ തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം ഡിവിഷനില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ ആര് സുഗതനെ കാണാനില്ലെന്ന് സിപിഎം. ഇദ്ദേഹം ഒരു മാസമായി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം വട്ടിയൂര്‍ക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ആര് സുഗതനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
◾ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കൂടല്‍ കാരയ്ക്കാക്കുഴിയില്‍ വനം വകുപ്പിന്റെ ഡ്രോണ്‍ പരിശോധന. പുലിയെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കും.
◾ കാപ്പ ചുമത്തി കുപ്രസിദ്ധ ഗുണ്ടയെ ഒരു വര്‍ഷത്തേക്ക് ജയിലാക്കി. വേളൂക്കര സ്വദേശി സലോഷിനെയാണ് (29) തൃശൂര്‍ റൂറല്‍ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ആറു വധശ്രമ കേസിലും നാല് അടിപിടികേസിലും അടക്കം ആകെ പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
◾ ജൂണ്‍ 21 നു നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തിക്കാന്‍ വ്യോമസേനയുടെ സഹായം തേടാന്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം തീരുമാനിച്ചു. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, വാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍, എന്‍ടിഎ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് നീറ്റ് പരീക്ഷ റദ്ദാക്കിയത്.
◾ സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയ തകരാറില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്. പ്രതിസന്ധി പരിഹരിക്കപ്പെടും. തിരുത്തല്‍ നടപടികള്‍ ഉണ്ടാകും. വിദ്യാര്‍ഥികളുടെ ഉത്തര കടലാസ്സുകള്‍ സുരക്ഷിതമാണ്. സിബിഎസ്ഇ ആദ്യമായി നടപ്പാക്കിയ ഒഎസ്എം സംവിധാനത്തില്‍ വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
◾ ഡല്‍ഹി, പഞ്ചാബ്, ത്രിപുര, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി പുതിയ സംസ്ഥാന പ്രസിഡന്റുമാരെ നിയമിച്ചു. കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര ഡല്‍ഹിയില്‍ അധ്യക്ഷനാകും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ മുതിര്‍ന്ന നേതാവ് കെവാള്‍ സിങ് ധില്ലന് പാര്‍ട്ടി അധ്യക്ഷനാകും. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് ആണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ചത്.
◾ ഒളിഞ്ഞു കിടക്കുന്ന എണ്ണ, പ്രകൃതിവാതക ശേഖരങ്ങള്‍ കണ്ടെത്താന്‍ പഴയകാല ഭൗമശാസ്ത്ര ഡാറ്റകള്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും പരിശോധിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് എണ്ണ പര്യവേക്ഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണിത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് ആണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
◾ രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ റൂട്ടിന് ഇന്ത്യന്‍ റെയില്‍വേ അംഗീകാരം നല്കി. ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ട്രെയിന്‍ നോര്‍ത്തേണ്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഹരിയാനയിലെ ജിന്ദ് - സോനിപത്ത് സെക്ഷനില്‍ സര്‍വീസ് നടത്തും. ഹരിത, സുസ്ഥിര ഗതാഗതത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് ഹൈഡ്രജന്‍ ട്രെയിനിന്റെ വരവ്.
◾ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന 'ലക്ഷ്മി ഭണ്ഡാറിലെ' 30 ലക്ഷത്തോളം ഗുണഭോക്താക്കള്‍ വ്യാജരാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇന്ത്യന്‍ പൗരന്മാരല്ലാത്ത അവര്‍ പുതിയ 'അന്നപൂര്‍ണ ഭണ്ഡാര്‍' പദ്ധതിക്ക് അനര്‍ഹരാണെന്നും മുഖ്യമന്ത്രി.
◾ മധ്യപ്രദേശിലെ ഭോപ്പാലില്‍ മോഡലും നടിയുമായ ട്വിഷാ ശര്‍മ്മയുടെ മരണത്തില്‍ ഭര്‍തൃമാതാവും മുന്‍ ജില്ലാ ജഡ്ജി യുമായ ഗിരിബാല സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിയായ ഗിരിബാലയുടെ മുന്‍കൂര്‍ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതിനു പിറകേയാണ് ഗിരിബാല സിങ്ങിനെ അറസ്റ്റു ചെയ്തത്.
◾ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാതെ മടങ്ങിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിരാശ പടര്‍ത്തി. വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നു പ്രതീക്ഷിച്ചിരുന്നു. സോണിയയുടെ വസതിക്കു മുന്നില്‍ വിജയിയും രാഹുലും കൈകോര്‍ത്ത് നില്ക്കുന്ന നിരവധി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
◾ ഐപിഎല്‍ വാതുവയ്പ് സംഘത്തെ പിടികൂടി പൊലീസ്. ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയിലെ ഹതിബാരിയിലാണ് സംഭവം. ഒരാളെ അറസ്റ്റു ചെയ്തു. 3,95,590 രൂപ, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍, വാഹനം എന്നിവ പൊലീസ് പിടികൂടി.
◾ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള നടപടികളുമായി യുഎസ്. ഇടക്കാല വ്യാപാര കരാര്‍, സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാര്‍ എന്നിവയുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിനിധി സംഘം ജൂണ്‍ ഒന്നു മുതല്‍ നാല് വരെ ഇന്ത്യ സന്ദര്‍ശിക്കും.
◾ കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ സമാധാനവും ശാന്തതയും നിലനിര്‍ത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ പൂര്‍ണ്ണമായി പുനഃസ്ഥാപിക്കുന്നതിന് സഹായിക്കുമെന്ന് ചര്‍ച്ചയില്‍ ഇരുപക്ഷവും വിലയിരുത്തി.
◾ അമേരിക്കയും ഇറാനും വീണ്ടും വെടിനിറുത്തല്‍ ധാരണയിലേക്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുമതി ഉടനേ ലഭിച്ചേക്കും. വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് നീട്ടിയാല്‍ ഹോര്‍മൂസ് വഴിയുള്ള കപ്പല്‍ ഗതാഗതം സുഗമമാകും.
◾ ഇറാന്റെ ബന്ദര്‍ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്കി ഇറാന്. കുവൈത്തിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അവകാശപ്പെടുന്നത്.
◾ ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്ത് മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2030-കളില്‍ ഘട്ടംഘട്ടമായി നിര്‍മ്മാണം ആരംഭിക്കുന്ന ഈ മൂണ്‍ ബേസ് പദ്ധതി നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
◾ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് സ്വര്‍ണപ്പണയ വായ്പയില്‍ 50.4 ശതമാനത്തിന്റെ വര്‍ധന. 18.6 ലക്ഷം കോടി രൂപയായാണ് സ്വര്‍ണപ്പണയ വായ്പ ഉയര്‍ന്നത്. 2025ല്‍ സ്വര്‍ണവിലയില്‍ 80 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലാണ് സ്വര്‍ണപ്പണയത്തില്‍ റെക്കോഡ് കുതിപ്പ് പ്രകടമായത്. 2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ സ്വര്‍ണപ്പണയ വായ്പകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 115 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 7.6 ലക്ഷം കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പയാണ് ഇക്കാലയളവില്‍ നടന്നത്. മുത്തൂറ്റ്, മണപ്പുറം, ഐഐഎഫ്എല്‍ തുടങ്ങിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് ഈ കുതിപ്പിന് നേതൃത്വം നല്‍കിയത്. ഇവരുടെ വിപണി വിഹിതം 2025 സാമ്പത്തിക വര്‍ഷത്തിലെ 28 ശതമാനത്തില്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനമായി ഉയര്‍ന്നു. അതേസമയം, ഈ രംഗത്ത് മുന്‍പന്തിയിലായിരുന്ന പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 41 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി കുത്തനെ ഇടിഞ്ഞു.
◾ ഉപഭോക്താക്കള്‍ക്കായി ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് പ്ലാറ്റ്ഫോമുകളില്‍ പെയ്ഡ് സബ്സ്ക്രിപ്ഷന് പ്ലാനുകള്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ മെറ്റ. ഇന്‍സ്റ്റഗ്രാം പ്ലസ്, ഫെയ്സ്ബുക്ക് പ്ലസ്, വാട്സാപ്പ് പ്ലസ് എന്നിങ്ങനെയാണ് പുതിയ പെയ്ഡ് പ്ലാനുകള്‍ അറിയപ്പെടുക. നിലവിലുള്ള അക്കൗണ്ട് വെരിഫിക്കേഷനും സപ്പോര്‍ട്ടും നല്കുന്ന 'മെറ്റാ വെരിഫൈഡ്' സംവിധാനം ഇതിനൊപ്പം തന്നെ നിലനില്ക്കും. പെയ്ഡ് പ്ലാനുകളുടെ നിരക്കുകള്‍ ഇപ്രകാരമാണ്. ഇന്‍സ്റ്റഗ്രാം പ്ലസിന് പ്രതിമാസം 3.99 ഡോളര്‍, ഫെയ്സ്ബുക്ക് പ്ലസിന് പ്രതിമാസം 3.99 ഡോളര്‍, വാട്സാപ്പ് പ്ലസിന് പ്രതിമാസം 2.99 ഡോളര്‍. ലോകമെമ്പാടും മെറ്റാ പ്ലാറ്റ്ഫോമുകളിലെ ഉപഭോക്താക്കളുടെ എണ്ണം അതിന്റെ പരമാവധി പരിധിയിലേക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തില്‍ പരസ്യങ്ങളില്‍ നിന്ന് മാത്രമുള്ള വരുമാനത്തെ ആശ്രയിക്കാതെ, വരുമാന സ്രോതസുകള്‍ വിപുലീകരിക്കുക എന്നതാണ് ഇതിലൂടെ മെറ്റാ ലക്ഷ്യമിടുന്നത്.
◾ തിയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ സൈജു കുറുപ്പ് ചിത്രം മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. 'ഹരിവരാസനം' എന്നാണ് ചിത്രത്തിന്റെ പേര്. മലയാളികള്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സാള്‍ട്ട് മാംഗോ ട്രീ, തൃശൂര്‍ പൂരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് നായര്‍ ഹരിവരാസനത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തിന്റ രചന നിര്‍വഹിക്കുന്നത് ഡോ.അമ്പാടി. കെ ആണ്. സൈജു കുറുപ്പിനോടൊപ്പം തെന്നിന്ത്യയിലെ പ്രഗത്ഭ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ അവസാന ഘട്ടത്തിലാണ് അണിയറപ്രവര്‍ത്തകര്‍. മാളികപ്പുറത്തിനു ശേഷം രഞ്ജിന് രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
◾ റിലീസ് ചെയ്ത് ഏഴ് നാളുകള്‍ പിന്നിടുമ്പോള്‍ 'ദൃശ്യം 3' ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയിലധികം നേടിക്കഴിഞ്ഞു. ഇതില്‍ പകുതിയോളം വിദേശത്തുനിന്നുള്ള കളക്ഷനാണ് എന്നതാണ് കൗതുകം. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 10 മില്യണ്‍ ഡോളറിലധികമാണ് (96 കോടി രൂപ) ചിത്രം ഇതിനകം നേടിയത്. ദൃശ്യം 3യും 200 കോടി ക്ലബ്ബിലെത്തിയതോടെ മോഹന്‍ലാലും പുതിയൊരു റെക്കോഡ് ഇട്ടിരിക്കുകയാണ്. നേരത്തെ എമ്പുരാന്, തുടരും എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്, എസ്തര് അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അതേസമയം, അജയ് ദേവ്ഗണ് നായകനായ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.
◾ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പുതിയ തലമുറ ടിയാഗോ പുറത്തിറക്കി. 4.69 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. സ്മാര്‍ട്ട്, പ്യുവര്‍, പ്യുവര്‍+, പ്യുവര്‍+ എ, ക്രിയേറ്റീവ്, ക്രിയേറ്റീവ്+ എന്നി ആറ് വേരിയന്റുകളില്‍ ഈ പുതിയ ഹാച്ച്ബാക്ക് ലഭ്യമാണ്. പാംഗോങ് പള്‍സ്, വാരണാസി വൈബ്രന്‍സ്, സോബോ സര്‍ജ് എന്നീ പുതിയ നിറങ്ങളും കാര്‍ വാഗ്ദാനം ചെയ്യുന്നു. പ്യുവര്‍ ഗ്രേ, പ്രിസ്റ്റൈന്‍ വൈറ്റ്, ഡേടോണ ഗ്രേ എന്നി നിറങ്ങള്‍ക്ക് പുറമേയാണിത്. 85 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പരിചിതമായ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്ജിന് തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 5-സ്പീഡ് മാനുവല്‍, എഎംടി എന്നി ഗിയര്‍ബോക്സ് ഓപ്ഷനുകളും ലഭ്യമാണ്. ഇതൊടൊപ്പം ടിയാഗോ ഇവിയും ടിയാഗോ സിഎന്‍ജിയും അവതരിപ്പിച്ചിട്ടുണ്ട്. ടിയാഗോ ഇവിക്ക് 4.69 ലക്ഷം രൂപ മുതലും സിഎന്‍ജി പതിപ്പിന് 5.79 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്.
◾ മൂര്‍ച്ചയേറിയ ഒരു കത്തി കൊലപാതകത്തിലൂടെ സ്വയം നീതി നടപ്പിലാക്കിയതിനാല്‍ കുറ്റം ചുമത്തപ്പെട്ട ഒരു പേരില്ലാ കുറ്റവാളി. മതത്തിന്റെ പേരിലുണ്ടായ കൊലപാതകത്തില്‍ കുറ്റവാളിയാക്കപ്പെട്ട നിരപരാധിയായ ഒരു ജെ.എന്‍.യു. വിദ്യാര്‍ത്ഥി, നിരോധിച്ച പുസ്തകം കൈയില്‍ വെച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ഒരാള്‍, ദേശദ്രോഹത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഒരു കവി... ഇങ്ങനെ അഴികള്‍ക്കുള്ളിലെ ഇരുട്ടുകൊണ്ടെഴുതിയ ഒന്‍പതു ജയില്ക്കഥകളുള്പ്പെടെ പതിമൂന്നു ചെറുകഥകളും ഭീകരമായ വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങള്‍ തിളച്ചുമറിഞ്ഞുതൂവുന്ന ആല്‍ബം എന്ന നാടകവും. സച്ചിദാനന്ദന്റെ എണ്‍പതാം പിറന്നാളിന് പുറത്തിറങ്ങുന്ന കഥാസമാഹാരം. 'ആല്‍ബം'. കെ.സച്ചിദാനന്ദന്. മാതൃഭൂമി. വില 104 രൂപ.
◾ ശരിയായ പരിചരണത്തിലൂടെ മഴക്കാലത്തും മുടിയുടെ ആരോഗ്യം നിലനിര്‍ത്താം. മഴക്കാലത്ത് എത്ര സൂക്ഷിച്ചാലും പുറത്തിറങ്ങുമ്പോള്‍ മഴകൊള്ളാനുള്ള സാധ്യത കൂടുതലാണ്. മഴവെള്ളത്തില്‍ ചിലപ്പോള്‍ പൊടി, രാസവസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവ കലരാനുള്ള സാധ്യതയുണ്ട്. ഇത് നേരിട്ട് മുടിയില്‍ കൊള്ളുമ്പോള്‍ മുടിയുടെ സ്വാഭാവിക ആരോഗ്യം കുറയാനുള്ള സാധ്യതയുണ്ട്. മഴ നനഞ്ഞ് വീട്ടിലെത്തിയാല്‍ അധികം നേരം കാത്തിരിക്കാതെ ശുദ്ധജലം കൊണ്ട് മുടി നന്നായി കഴുകാം. മാത്രമല്ല, മഴക്കാലത്ത് വായുവില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ഇത് ശിരോചര്‍മത്തില്‍ വിയര്‍പ്പും എണ്ണയും കൂട്ടൂകയും മുടിയുടെ വേരുകള്‍ ദുര്‍ബലമാക്കുകയും ചെയ്യാം. ഈര്‍പ്പമുള്ള അന്തരീക്ഷം ഫംഗസ് വളര്‍ച്ച ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇത് തലച്ചൊറിച്ചില്‍, അണുബാധ എന്നിവയ്ക്ക് കാരണമാകാം. ഇത് മുടി കൊഴിച്ചിലിനൊരു ഘടകമാണ്. ആഴ്ചയില്‍ രണ്ടോ മൂന്ന് തവണ മൈല്‍ഡ് ഷാംപൂ ഉപയോഗിക്കുക. നനഞ്ഞ മുടി ചീകുകയോ കെട്ടാനോ പാടില്ല. ഇത് മുടി പെട്ടെന്ന് പൊട്ടിപ്പോകാനും കൊഴിച്ചിലിനും കാരണമാകും. പ്രോട്ടീന്‍, അയണ്‍, വിറ്റാമിന്‍ ഡി, ബയോട്ടിന്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടി വളര്‍ച്ചയ്ക്ക് സഹായകരമാണ്. മുട്ട, പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍, നട്സ്, എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വെളിച്ചെണ്ണ, ബദാം ഓയില്‍ തുടങ്ങിയവ ഉപയോഗിച്ച് തലയില്‍ മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്*
സന്ധ്യാസമയം... ഒരു കടക്കാരന് കടയടയ്ക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് ഒരു നായ വായില്‍ ഒരു സഞ്ചിയുമായി കടയ്ക്കുള്ളിലേക്ക് കടന്നുവന്നത്. കടക്കാരന് അത്ഭുതത്തോടെ നോക്കി. സഞ്ചിക്കുള്ളില്‍ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റും അതിനുള്ള പണവും ഉണ്ടായിരുന്നു. അയാള്‍ ലിസ്റ്റ് നോക്കി സാധനങ്ങള്‍ എടുത്ത് സഞ്ചിയില്‍ വെച്ചു. ബാക്കി പണവും തിരികെ ഇട്ടു. നായ സഞ്ചി വായില്‍ കടിച്ചുപിടിച്ച് ശാന്തമായി നടന്നു പോയി. ഈ കാഴ്ച കണ്ട കടക്കാരന് കൗതുകമായി. ''ഇത്ര ബുദ്ധിയുള്ള നായയുടെ ഉടമ ആരായിരിക്കാം?'' അയാള്‍ കടയടച്ച് നായയുടെ പിന്നാലെ നടന്നു. നായ ഒരു ബസ് സ്റ്റോപ്പില്‍ എത്തി നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ബസ് വന്നു. നായ അതില്‍ കയറി കണ്ടക്ടറുടെ അടുത്തെത്തി കഴുത്ത് നീട്ടി. കഴുത്തിലെ ബെല്‍റ്റില്‍ വിലാസവും യാത്രാക്കൂലിയും ഉണ്ടായിരുന്നു. കണ്ടക്ടര്‍ ടിക്കറ്റ് എടുത്ത് അതേ ബെല്‍റ്റില്‍ തിരികെ വച്ചു. സ്റ്റോപ്പ് എത്തിയപ്പോള്‍ നായ വാതിലിനരികില്‍ ചെന്നു വാലാട്ടി നിന്നു. ബസ് നിര്‍ത്തിയതും അത് ഇറങ്ങി നടന്നു. കടക്കാരനും അതിന്റെ പിന്നാലെ... ഒടുവില്‍ ഒരു വീട്ടുമുന്നില്‍ എത്തിയ നായ മുന്‍കാലുകള്‍ കൊണ്ട് വാതിലില്‍ മുട്ടി. വാതില്‍ തുറന്ന് വന്ന യജമാനന് കൈയിലെ വടികൊണ്ട് നായയെ അടിക്കാന്‍ തുടങ്ങി. അത് കണ്ട കടക്കാരന് ഞെട്ടി ചോദിച്ചു: ''ഇത്ര ബുദ്ധിയുള്ള നായയെ എന്തിനാണ് തല്ലുന്നത്?'' അയാള്‍ ദേഷ്യത്തോടെ മറുപടി പറഞ്ഞു: ''ഇവന് എന്റെ ഉറക്കം കളഞ്ഞു... വീട്ടുതാക്കോല്‍ കൂടി കൊണ്ടുപോകാമായിരുന്നില്ലേ?'' ജീവിതവും പലപ്പോഴും ഇങ്ങനെയാണ്... നമ്മള് എത്ര നല്ലത് ചെയ്താലും, ആളുകളുടെ പ്രതീക്ഷകള്‍ക്ക് ഒരവസാനവുമില്ല. നൂറ് കാര്യങ്ങള്‍ ശരിയായി ചെയ്താലും, ഒരു ചെറിയ പിഴവ് മതി... അതുവരെ ചെയ്ത എല്ലാ നന്മകളും പലരും മറന്നുകളയും. അതുകൊണ്ട്, ആരെയും ബോധ്യപ്പെടുത്താന്‍ ജീവിതം കളയരുത്. നന്മ ചെയ്യാന്‍ കഴിയുന്നിടത്തോളം ചെയ്യുക... കര്‍മത്തില്‍ ആത്മാര്ത്ഥരാവുക... കാരണം, യഥാര്‍ത്ഥ മൂല്യം മനസ്സിലാക്കുന്നവര്‍ ഒരിക്കല്‍ നിങ്ങളെ തിരിച്ചറിയും - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ