ഡ്രോൺ ആക്രമണം: സൗദി അരാംകോയുടെ റാസ് തനൂറ റിഫൈനറി അടച്ചു; സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് റിപ്പോർട്ട്


ഡ്രോൺ ആക്രമണത്തെത്തുടർന്ന് സൗദി അരാംകോയുടെ റാസ് തനൂറയിലുള്ള (കിഴക്കൻ പ്രവിശ്യ) എണ്ണശുദ്ധീകരണ ശാല (റിഫൈനറി) താൽക്കാലികമായി അടച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പ്ലാൻറ് അടച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് തിങ്കളാഴ്‌ച റിപ്പോർട്ട് ചെയ്തു.

എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി ബ്ലൂംബെർഗും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ ബന്ധമുള്ള ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സ്ഥലത്തുനിന്നുള്ള പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്തെ ദൃശ്യങ്ങളുമായി ഈ വിഡിയോകൾക്ക് സാമ്യമുള്ളതായും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

ആക്രമണത്തിന് പിന്നാലെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും നിലവിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എണ്ണ ഉൽപ്പാദനത്തെയോ വിതരണത്തെയോ ഈ നടപടി എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിൽ കമ്പനി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.