കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടിയത് വാക്കത്തി ഉപയോഗിച്ച്; മലപ്പുറത്തെ രജിലയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്....!


മലപ്പുറം: കരുളായിയില്‍ യുവതിയെ ഭർതൃമാതാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുപ്പതുകാരിയായ രജിലയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ചായ നല്‍കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിന്റെ അമ്മയായ 70കാരി ശാന്തയാണ് രജിലയെ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ ഭർത്താവ് സുനില്‍ബാബു ജോലിക്ക് പോയതിന് പിന്നാലെയാണ് കൊടുംക്രൂരത അരങ്ങേറിയത്. ഈ സമയം കുട്ടികള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു രജില. ചായ കിട്ടാതായതോടെ ശാന്ത വാക്കത്തിയുമായി ഓടിയെത്തി വാതില്‍ തള്ളിത്തുറന്ന് പിഞ്ചുമക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന രജിലയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ചോര ചീറ്റുന്ന ശരീരവുമായി രജില ഓടാൻ ശ്രമിച്ചെങ്കിലും വാതില്‍ക്കല്‍ തളർന്നുവീണു.

ഗുരുതരമായി പരിക്കേറ്റ രജില രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതില്‍ക്കല്‍ തന്നെ തളർന്നുവീഴുകയായിരുന്നു. നിലവിളി കേട്ട് ഉണർന്ന കുട്ടികള്‍ ഭീതിയില്‍ കരഞ്ഞു. ശബ്ദം കേട്ട് എത്തിയ അയല്‍വാസികള്‍ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്ത്, മുഖം, തല, കൈകള്‍ എന്നിവിടങ്ങളില്‍ ഗുരുതരമായി വെട്ടേറ്റ നിലയിലായിരുന്നു രജില. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്.

പൊലീസ് പ്രതിയായ ശാന്തയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കരുളായി വാസുപ്പടിയിലെ രാജന്റെയും വത്സലയുടെയും മകളായ രജിലയ്ക്ക് തീർഥ, റിഷിക എന്നീ രണ്ടു മക്കളുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.