പ്രതിപക്ഷമില്ലാതെ മലപ്പുറം ജില്ലാപഞ്ചായത്ത്;മുഴുവൻ സീറ്റും UDF ന്


*മലപ്പുറം:* തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാപഞ്ചായത്തിൽ യു.ഡി.എഫിൻ്റെ അപ്രമാതിത്വം. മറ്റു മുന്നണികളെ ബഹുദൂരം പിന്നിലാക്കിയ യു.ഡി.എഫ് ഏകപക്ഷീയമായാണ് ജില്ലാപഞ്ചായത്ത് പിടിച്ചത്. 

33 ഡിവിഷനുകളിൽ ഒന്നുപോലും എൽ.ഡി.എഫിന് വിട്ടുനൽകാതെയാണ് യു.ഡി.എഫ് വമ്പൻ ജയം സ്വന്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾക്ക് അഞ്ച് സീറ്റുണ്ടായിരുന്നത് ഇത്തവണ പൂജ്യമായി. 

വഴിക്കടവ്, ആതവനാട്, എടപ്പാൾ, ചങ്ങരംകുളം, മാറഞ്ചേരി ഡിവിഷനുകളിൽനിന്നായിരുന്നു നേരത്തെ ജില്ലാപഞ്ചായത്തിൽ ഇടത് പ്രതിനിധികളുണ്ടായിരുന്നത്. എന്നാൽ ഇത്തവണ, സംസ്ഥാന സർക്കാറിനോടുള്ള ഭരണവിരുദ്ധ വികാരത്തെത്തുടർന്ന് വലിയ ഭൂരിപക്ഷത്തിലാണ് ഇവിടങ്ങളിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത്.

ബ്ലോക്ക് പഞ്ചായത്തുകളിൽ പൊന്നാനി ഒഴികെയുള്ള 14 ഇടത്തും യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. പൊന്നാനിയിലും ശക്തമായ പോരാട്ടമാണ് നടന്നത്. പൊന്നാനി ഒഴികെയുള്ള 11 മുനിസിപ്പാലിറ്റികളും യു.ഡി.എഫ് പിടിച്ചു. മൂന്ന് പതിറ്റാണ്ടായി എൽഡിഎഫ് ഭരിച്ചിരുന്ന പെരിന്തൽമണ്ണ നഗരസഭയും എൽഡിഎഫ് നെ കൈവിട്ടു.

 ജില്ലയിൽ ആകെയുള്ള 94ൽ 88 പഞ്ചായത്തുകളിലും യു.ഡി.എഫ് ജയിച്ചു. എലംകുളം, നിറമരുതൂർ, വാഴയൂർ, വെളിയങ്കോട് പഞ്ചായത്തുകൾ മാത്രമാണ് എൽ.ഡി.എഫിന് അനുകൂലമായി ജനവിധി എഴുതിയത്. എടപ്പാളിൽ ആർക്കും ഭൂരിപക്ഷം നേടാനായില്ല.