കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ 2020-2021ല്‍ നടന്ന അനധികൃത ഈട്ടിമുറിയില് ആദിവാസികളും ചെറുകിട കര്‍ഷകരും അടക്കം റവന്യു പട്ടയം ഉടമകള്‍ക്കെതിരായ കെഎല്‍സി(കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി) നടപടി ഒഴിവാകില്ല. കെഎല്‍സി നടപടിയില്‍ അപാകത പരിഹരിച്ച് അപ്പീല്‍ സമര്‍പ്പിക്കുന്നതിന് മാനന്തവാടി ആര്‍ഡിഒ 29 ഭൂവുടമകള്‍ക്ക് നോട്ടീസ് അയച്ചു.
ഈട്ടിമുറിയുമായി ബന്ധപ്പെട്ട് ആദിവാസികള്‍ക്കും കര്ഷകര്ക്കുമെതിരേ കെഎല്‍സി നടപടികള്‍ ഉണ്ടാകില്ലെന്ന് ഭരണപക്ഷത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. എന്നിരിക്കേ ആര്‍ഡിഒയുടെ നോട്ടീസ് ലഭിച്ചവര്‍ അങ്കലാപ്പിലാണ്.
കെഎല്‍സി നടപടികള്‍ ഒഴിവാക്കുന്നതിന് പട്ടയം ഉടമകള്‍ ആര്‍ഡിഒയുടെ കാര്യാലയത്തില്‍ വെവ്വേറെ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഈ അപ്പീലുകള്‍ അപാകതകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കുന്നതിന് ആര്‍ഡിഒ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസര്‍ മുഖേന കക്ഷികള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ ഒഴിവാകുമെന്ന വിശ്വാസത്തില്‍ പട്ടയം ഉടമകള്‍ കുറ്റം തീര്‍ത്ത് അപ്പീല്‍ സമര്‍പ്പിച്ചിരുന്നില്ല.
അപാകത പരിഹരിച്ച അപ്പീല്‍ 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ഭൂവുടമകള്‍ക്ക് ലഭിച്ച നോട്ടീസില്‍. അല്ലാത്തപക്ഷം ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. അപ്പീല്‍ സമര്‍പ്പണത്തിന് ഇനി അവസരം ഉണ്ടാകില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബര്‍ 24ന് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ അനധികൃത ഈട്ടിമുറി നടന്നത്.
മുറിക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് കച്ചവടക്കാര്‍ കര്‍ഷകരില്‍നിന്നു ഈട്ടികള്‍ വിലയ്ക്കുവാങ്ങിയത്. കച്ചവടക്കാരുടെ വാക്ക് വിശ്വസിച്ച് മരങ്ങള്‍ നിസാര വിലയ്ക്ക് വിറ്റവരാണ് കെണിയിലായത്. പലരും ദൈനംദിന ജീവിതത്തിനു ബുദ്ധിമുട്ടുന്നതിനിടെയാണ് കെഎല്‍സി നടപടികള്‍ നേരിടേണ്ട സാഹചര്യം.
നിയമവിരുദ്ധ ഈട്ടിമുറിയുമായി ബന്ധപ്പെട്ട് 68 കേസുകളാണ് കെഎല്‍സി നടപടിക്കു വിട്ടത്. ഇതില്‍ 37 എണ്ണത്തില്‍ 8.29 കോടി രൂപ പിഴ കണക്കാക്കിയിരുന്നു. ഈ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ച പട്ടയം ഉടമകള്‍. 2021 ഫെബ്രുവരിയില്‍ ആരംഭിച്ചതാണ് കെഎല്‍സി നടപടികള്‍. മന്ത്രിസഭാ തീരുമാനത്തിനു വിധേയമായി ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ മാത്രമേ കെഎല്‍സി നടപടികള്‍ ഒഴിവാകൂവെന്നാണ് നിയമരംഗത്തുള്ളവരുടെ അഭിപ്രായം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ