തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയപ്പോൾ രക്ഷിച്ച വീട്ടമ്മയോട് പിറ്റേദിവസം നന്ദി പറയാനെത്തി സാമൂഹ്യ മാധ്യമങ്ങളിൽ താരമായ നായയെ വിഷം കൊടുത്ത് കൊന്നു. വയനാട് പിണങ്ങോട് ലക്ഷംവീട് കോളനിയിൽ കണ്ടിരുന്ന തെരുവുനായയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
നാല് ദിവസം മുൻപ് ലക്ഷംവീട് അങ്കണവാടിക്ക് സമീപം വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയ നായയെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതാണെന്നാണ് സംശയം.
ഏതാനും ആഴ്ചകൾക്ക് മുൻപാണ് നസീറ എന്ന വീട്ടമ്മ നായയുടെ തൊണ്ടയിൽ കുടുങ്ങിയ എല്ലിൻ കഷ്ണം സാഹസികമായി എടുത്തുമാറ്റി അതിന്റെ ജീവൻ രക്ഷിച്ചത്. പിറ്റേ ദിവസം രാവിലെ നസീറയുടെ വീട്ടിലെത്തി നായ നന്ദി പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നസീറയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
രാത്രികാലങ്ങളിൽ വീടുകളിലെ ചെരിപ്പുകളും മറ്റും കടിച്ചെടുത്ത് പലയിടത്തായി കൊണ്ടുപോയി ഇടുന്നത് നായയുടെ പതിവായിരുന്നു. ഇത് ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതാകാം നായയെ കൊല്ലാൻ കാരണമായതെന്നാണ് സാമൂഹ്യ പ്രവർത്തകനായ താഹിർ പിണങ്ങോട് സംശയം പ്രകടിപ്പിച്ചത്.
സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മിണ്ടാപ്രാണിയോട് ഈ ക്രൂരത ചെയ്തവരെ കണ്ടെത്തണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ