ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയതിൽ വീഴ്‌ച സമ്മതിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായി എന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ നിയോഗിച്ച വിദഗ്‌ധസമിതി റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയ സബ്‌മിഷന് മറുപടിയായി ആരോഗ്യമന്ത്രി പറഞ്ഞു.

ചികിത്സാ പിഴവുകള്‍ ഉണ്ടാകുന്നത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ എത്രയും വേഗം അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വീഴ്ചയുള്ള കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. 

വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് യുവതിയുടെ ശരീരത്തില്‍ നിന്ന് ഗൗഡ് വയര്‍ നീക്കുന്നത് സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നതാണ്. യുവതിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ഇത് ചെയ്ത ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് മനസിലാക്കുന്നത്. സമിതി റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കും – മന്ത്രി വിശദമാക്കി.

നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയിൽ യുവതിയുടെ പേര് വിവരങ്ങളും രോഗ വിവരങ്ങളും വെളിപ്പെടുത്തിയത് സ്വകാര്യതയുടെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പരിശോധിക്കാമെന്ന് സ്പ‌ീക്കർ എ.എൻ ഷംസീർ അറിയിച്ചു.

സംഭവത്തിൽ യുവതി നേരത്തെ പ്രതിപക്ഷ നേതാവിന് പരാതി കൊടുത്തിരുന്നു. നിലവിൽ പൊലീസ് അന്വേഷണവും നടന്നുവരിക്കുകയാണ്. 2023 ലാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.