കോരിച്ചൊരിയുന്ന മഴയത്ത് റോഡ് ടാറിങ്ങ്; ദൃശ്യങ്ങൾ വൈറലായതോടെ പണി നിർത്താനാവശ്യപ്പെട്ട് തൃശ്ശൂർ മേയർ എം കെ വർഗീസ് നിർദേശം നൽകി.

.

കോരിച്ചൊരിയുന്ന കനത്ത മഴയ്ക്കിടെ തൃശൂർ നഗരത്തിൽ റോഡ് ടാറിങ്ങ്. നഗരത്തിലെ മാരാർ റോഡിലാണ് പെരുമഴയിൽ റോഡ് ടാറിങ് നടന്നത്. മഴയിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള റോഡിൽ ടാറിങ് പ്രവൃത്തി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ടാറിങ് നിർത്തിവെക്കാൻ തൃശ്ശൂർ മേയർ എം കെ വർഗീസ് നിർദേശം നൽകി.

കഴിഞ്ഞ മൂന്ന് നാല് ദിവസമായി തൃശ്ശൂരിൽ കനത്ത വെയിലായിരുന്നു. അപ്പോഴൊന്നും ടാറിങ് പ്രവൃത്തികൾക്കായി ആരും എത്തിയിരുന്നില്ലെന്ന് സമീപവാസികൾ പറയുന്നു. വേഗത്തിൽ ടാറിങ് പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് പണി തുടങ്ങിയതെന്നും, മഴ പ്രതീക്ഷിച്ചിരുന്നില്ലെന്നും കോർപ്പറേഷൻ സെക്രട്ടറി വ്യക്തമാക്കി.