കേരളപുരം സ്വദേശിനി വിപഞ്ചിക ഷാർജയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പണത്തിന്റെ പേരില്‍ താൻ ക്രൂരമായ പീഡനങ്ങള്‍ക്കിരയായിരുന്നു എന്ന് വിപഞ്ചിക തന്റെ ഡയറില്‍ കുറിച്ചിരുന്നു. ഭർത്താവ് ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നെന്നും ഡയറിയില്‍ വിപഞ്ചിക കുറിച്ചിട്ടുണ്ട്. ഭർത്താവ് നിതീഷിന്റെ പിതാവും തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് യുവതി ഡയറിക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ആത്മഹത്യാ കുറിപ്പിന് സമാനമായാണ് യുവതി ഡയറിയില്‍ എഴുതിയിട്ടുള്ളത്. ഒന്നാംപ്രതി നാത്തൂൻ, രണ്ടാംപ്രതി ഭർത്താവ്, മൂന്നാംപ്രതി അമ്മായിയപ്പൻ എന്നെല്ലാം വിപഞ്ചിക ഡയറിയില്‍ കുറിച്ചിട്ടുണ്ട്. പട്ടിയെപോലെ തല്ലുമെന്നും ഭക്ഷണം തരില്ലെന്നും യുവതി ഡയറിയില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം, മകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. മൃതദേഹങ്ങള്‍ ഷാർജയിലേതിനു പുറമെ സംസ്ഥാനത്തും പോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഷാർജയില്‍ യുവതിയുടെ ഭർത്താവിന്റെ സ്വാധീനമുപയോഗിച്ച് പോസ്റ്റുമോർട്ടം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയാണ് കുടുംബം പങ്കുവെക്കുന്നത്.
ചൊവ്വാഴ്ചയാണ് വിപഞ്ചികയുടെയും മകളുടെയും മൃതദേഹങ്ങള്‍ ഷാർജയിലെ ഫ്ലാറ്റില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും മാനസിക ശാരീരിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് വിപഞ്ചികയുടെ ബന്ധുക്കളുടെ ആരോപണം. അതേസമയം, യുവതിയുടെയും മകളുടെയും പോസ്റ്റുമോർട്ടം തിങ്കളാഴ്ച്ച ഷാർജയില്‍ നടക്കും.
വിപഞ്ചിക ഡയറിയില്‍ കുറിച്ചത് ഇങ്ങനെ…
'ഫിസിക്കലി ഉപയോഗിച്ചിട്ട് എപ്പോഴും അബദ്ധം പറ്റിയതാണെന്ന് പറയും, ഒരേ സമയം എന്നോടും നിതീഷിന്റെ പെണ്‍സുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടും, ആ പെണ്ണിന്റെ ഭർത്താവിനു കാര്യങ്ങളറിയാം, ഒരു തവണ നിതീഷിനെ വിളിച്ച് ചീത്ത പറഞ്ഞിട്ടുണ്ട്, വൈകൃതമുള്ള മനുഷ്യനാണ് നിതീഷ്, കാണാൻ പാടില്ലാത്ത വിഡിയോ കണ്ടിട്ട് അതെല്ലാം ബെഡില്‍ വേണമെന്ന് ആവശ്യപ്പെടും.
ഭാര്യയുടെ കൂടെക്കിടക്കുന്നതിനെക്കുറിച്ച് മറ്റൊരു പെണ്ണിനോട് ഡിസ്കസ് ചെയ്യും, സഹിക്കാൻ വയ്യ, പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല, എന്റെ ലോക്കറിന്റെ കീ നിതീഷിന്റെ അച്ഛന്റെ കൈവശമായിരുന്നു, അത് ഞാൻ വാങ്ങിയതും വലിയ പ്രശ്നമായി, പുറത്തോ നാട്ടിലോ കൊണ്ടുപോകില്ല, എല്ലാം ക്ഷമിക്കുന്നതും സഹിക്കുന്നതും കുഞ്ഞിനു വേണ്ടിയാണ്, അവർക്കെന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കണം, എന്റെ ഓഫീസിലെ എല്ലാവർക്കും കൂട്ടുകാർക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവർക്കുമറിയാം'
'ഒരുപാട് കാശ് ഉള്ളവരാണ്, എന്നാലും എന്റെ സാലറിക്കുവേണ്ടി ദ്രോഹിക്കും, നിതീഷിന്റെ പെങ്ങള്‍ എന്റെയും കുഞ്ഞിന്റേയും സ്വർണമുള്‍പ്പെടെ കൈക്കലാക്കി, ഒരു മാലക്ക് വേണ്ടി ദ്രോഹിച്ചോണ്ടിരിക്കുകയാണ്, ഈ കൊലയാളികളെ വെറുതേവിടരുത്, മരിക്കാൻ ആഗ്രഹമില്ല,എന്റെ കുഞ്ഞിന്റെ ചിരികണ്ട് കൊതി തീർന്നിട്ടില്ല, കല്യാണം ആഢംബരമായി നടത്തിയില്ല, കാർ കൊടുത്തില്ല, സ്ത്രീധനം കുറഞ്ഞു, കാശില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍, എന്നു പറഞ്ഞതെല്ലാം നിതിഷിനോടുള്ള സ്നേഹംകൊണ്ട് ഞാൻ ക്ഷമിച്ചു, പക്ഷേ അമ്മായിയപ്പൻ എന്നോട് മിസ് ബിഹേവ് ചെയ്തിട്ടും ഭർത്താവ് നിതീഷ് ഒന്നും പ്രതികരിച്ചില്ല, പകരം എന്നെ കല്യാണം കഴിച്ചത് അയാള്‍ക്ക് കൂടിവേണ്ടിയാണ് എന്നു പറഞ്ഞു. നാത്തൂൻ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല, നിതീഷുമായി കലഹം ഉണ്ടാക്കിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി'
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ