കണ്ണീരോർമ്മയായി ബിന്ദു; മകൾക്ക് സൗജന്യ ചികിത്സ, മകന് താത്കാലിക ജോലി നൽകും; ധനസഹായം അടുത്ത മന്ത്രി സഭായോഗം തീരുമാനിക്കും.


മകൾക്ക് ആശുപത്രിയിൽ കൂട്ടിരിക്കാനെത്തി ദാരുണമായി പൊലിഞ്ഞ ബിന്ദു അനുജത്തിയുടെ വീട്ടുമുറ്റത്തൊരുക്കിയ ചിതയിൽ ഒരുപിടി ചാരമായി. തലയോലപ്പറമ്പിലെ അഞ്ച് സെന്റും വീടുമാണ് കുടംബത്തിന്റെ ആകെ സമ്പാദ്യം. 

വീടിനോട് ചേർന്ന് സ്ഥലമില്ലാത്തതിനാൽ അയൽവാസിയുടെ പറമ്പിലായിരുന്നു പൊതുദർശനം. അന്തിമകർമ്മങ്ങൾക്കായി മാത്രമാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. തുടർന്ന്, സഹോദരി രേണുകയുടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മകൻ നവനീത് ചിതയ്ക്ക് തീകൊളുത്തുമ്പോൾ കേരളക്കരയാകെ കണ്ണീരണിഞ്ഞു.

ഇതിനിടെ, ബിന്ദുവിൻ്റെ തലയോലപ്പറമ്പിലെ വീട് മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. സംസ്കാര ചടങ്ങിനുള്ല സഹായ ധനമായി 50,000 രൂപ കൈമാറി. മകൾ നവമിയുടെ ശസ്ത്രക്രിയ അടുത്തദിവസം മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തും. ചെലവ് പൂർണമായും സർക്കാർ വഹിക്കും.

ആശുപത്രി വികസന സമിതി നവനീതിന് താത്കാലിക ജോലി നൽകും. ജില്ലാ കളക്ടറുടെ റിപ്പോർട്ട് അനുസരിച്ച് 11ന് ചേരുന്ന മന്ത്രിസഭായോഗം കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കും. ബിന്ദുവിൻ്റെ മരണം രക്ഷാപ്രവർത്തനം വൈകിയതിനാലാണെന്ന ആരോപണം മന്ത്രി നിഷേധിച്ചു. ശ്വാസംമുട്ടിയല്ല തലതകർന്നാണ് മരണം. രാവിലെ 11 മുതൽ സംഭവസ്ഥലത്തുണ്ടായിരുന്നു. രക്ഷാദൗത്യം, ചികിത്സ, വിവിധ വാർഡുകളിലുണ്ടായിരുന്ന 360 രോഗികളെ പുതിയ സർജറി വാർഡിലേക്ക് മാറ്റുന്നതിനും നേതൃത്വം നൽകി.

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ 5 ലക്ഷം

ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ അഞ്ചുലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു. വീടിന്റെ അറ്റകുറ്റപ്പണികൾക്കാണ് പണം നൽകുന്നത്