കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ കനക്കാൻ സാധ്യത. തെക്കൻ ജാർഖണ്ഡിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിൻ്റെ ഫലമായി ഇന്ന് മുതൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 2 മുതൽ 3 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്വപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
മറ്റ് ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ (യെല്ലോ അലർട്ട്)
03/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
04/07/2025: കണ്ണൂർ, കാസർകോട്
05/07/2025: കണ്ണൂർ, കാസർകോട്
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ