ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യ പണിമുടക്കില്‍ കെഎസ്‌ആർടിസിയിലെ ജീവനക്കാർ പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ.
കെഎസ്‌ആർടിസി ബസുകള്‍ നാളെ സർവീസ് നടത്തും. ജീവനക്കാർ സന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ അവർക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
'കെഎസ്‌ആർടിസി ജീവനക്കാരെ സംബന്ധിച്ച് അവർ സന്തുഷ്ടരാണ്. ഒന്നാം തീയതിക്ക് മുമ്പേ ശമ്ബളം കിട്ടുന്നു. മാത്രമല്ല, അവരുടെ ആരോഗ്യപ്രശ്നങ്ങളെല്ലാം പരിഗണിച്ചിട്ടുണ്ട്. അവർക്ക് ഒരു അസംതൃപ്തിയുമില്ല'-ഗണേഷ് കുമാർ പറഞ്ഞു.
പണിമുടക്കിന് യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു.
'കെഎസ്‌ആർടിസി പൊതുഗതാഗത സംവിധാനമാണ്. പണിമുടക്കില്‍നിന്ന് കെഎസ്‌ആർടിസി ജീവനക്കാരെ ഒഴിവാക്കുമെന്നാണ് എന്റെ വിശ്വാസം. സമരം ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യമല്ല കെഎസ്‌ആർടിസിക്കുള്ളത്'-മന്ത്രി പറഞ്ഞു.
മുമ്പേ സമരം ഉണ്ടായപ്പോള്‍ ബഹുഭൂരിപക്ഷം ജീവനക്കാരും വിട്ടുനിന്നതായും അത് വകുപ്പിന്റെ മാറുന്ന സംസ്കാരമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. 'കഴിഞ്ഞ തവണ ഒരു സമരം ഉണ്ടായപ്പോള്‍ ആറ് ശതമാനം ആളുകള്‍ മാത്രമേ അതില്‍ പങ്കെടുത്തിട്ടുള്ളൂ. അത് കെഎസ്‌ആർടിസിയുടെ മാറുന്ന സംസ്കാരമാണ്'- ഗതാഗതമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകളാണ് ബുധനാഴ്ച സംയുക്തമായി രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ