കാസർകോട്ടും മാവേലിക്കരയിലും വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും പൊലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്.. വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
കാസർകോട് ബന്തടുക്കയിലെ ഭാരതീയ വിദ്യാനികേതൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് ഗുരുപൂർണിമയുടെ ഭാഗമായി 'ആചാരം' നടന്നത്.
വ്യാഴാഴ്‌ച രാവിലെ വ്യാസജയന്തി ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിന്റെ സമീപ പ്രദേശങ്ങളിലെ, സർവിസിൽനിന്ന് വിരമിച്ച 30 അധ്യാപകർക്കാണ് കുട്ടികളെക്കൊണ്ട് 'പാദ പൂജ' ചെയ്യിച്ചത്. വിദ്യാലയ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കുറ്റിക്കോൽ പഞ്ചായത്ത് മുൻ അംഗമായ ബി.ജെ.പി നേതാവായിരുന്നു അധ്യക്ഷൻ.
മാവേലിക്കരയിൽ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക സ്കൂളിലാണ് ഗുരു പൂർണിമ ദിനത്തിൻ്റെ ഭാഗമായി സംഭവം നടന്നത്. സ്കൂളിൽ രക്ഷിതാക്കളായ 101 ഗുരുക്കന്മാരെയാണ് കുട്ടികളെക്കൊണ്ട്"പാദ പൂജ' ചെയ്യിച്ചത്. ഗുരുക്കന്മാർക്ക് പൊന്നാടയും ഭഗവത് ഗീതയും നൽകുകയും ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ശ്രീശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്സിറ്റി പന്മന ക്യാമ്പസ് മുൻ ഡയറക്‌ടർ ഡോ. കെ.പി. വിജയലക്ഷ്മിയാണ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തത്.
അതേസമയം, ചില സ്‌കൂളുകളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇത് തീർത്തും ഞെട്ടിപ്പിക്കുന്നതാണ്. സംഭവം നടന്ന സി.ബി.എസ്.ഇ സ്‌കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ