പെണ്‍കുട്ടികളോട് സംസാരിച്ചു; 17കാരനെ സഹപാഠികള്‍ തല്ലിക്കൊന്നു, ദാരുണ സംഭവം തമിഴ്‌നാട്ടില്‍


പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടര്‍ന്ന് 12-ാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ ഈറോഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്.

സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ ഈറോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബയോളജി ഗ്രൂപ്പ് വിദ്യാര്‍ഥിയായ ആദിത്യയെ പന്ത്രണ്ടാം ക്ലാസില്‍ തന്നെ മറ്റു ഗ്രൂപ്പുകളില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടികളോട് സംസാരിച്ചതിനെ ചൊല്ലി ആദിത്യയും മറ്റു വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും രണ്ട് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ആദിത്യയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം കണ്ട നാട്ടുകാര്‍ പിതാവിനെ വിവരമറിയിച്ചു.

മര്‍ദനത്തില്‍ അബോധാവസ്ഥയിലായ ആണ്‍കുട്ടിയെ ഉടന്‍ തന്നെ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആദിത്യയുടെ സുഹൃത്തുക്കളില്‍ നിന്നും മറ്റ് വിദ്യാര്‍ഥികളില്‍ നിന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് രണ്ട് വിദ്യാര്‍ഥികളെ കസ്റ്റജിയിലെടുത്തത്.

മറ്റ് ഗ്രൂപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി വഴക്കുണ്ടായതായി ആദിത്യ ഒരാഴ്ച മുന്‍പ് പിതാവിനെ അറിയിച്ചിരുന്നു. ആദിത്യ അവരുടെ ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി, തുടര്‍ന്ന് കോയമ്ബത്തൂര്‍ ജില്ലയിലെ ഒരു നിരീക്ഷണ ഭവനത്തിലേക്ക് അയച്ചു.

ആദിത്യയുടെ അച്ഛന്‍ ശിവ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്, അമ്മ സത്യ ഒരു ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജോലി ചെയ്യുന്നു. ദമ്ബതികള്‍ക്ക് അതേ സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ഇളയ മകളുണ്ട്.