നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ.

 



നാളെ മുതൽ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം റേഷൻ കടകൾ വഴി ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. മണ്ണെണ്ണ വിതരണം നടക്കില്ല എന്ന് ചർച്ചയും മറ്റ് സാഹചര്യങ്ങളും ഉയർന്നുവന്നിരുന്നു. ഇതിനാണ് അവസാനമായിരിക്കുന്നത്. ഒരു ലിറ്റർ മണ്ണെണ്ണ 61 രൂപക്കാണ് ലഭിക്കുക.

 സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിതരണത്തിൽ കേന്ദ്രം കുറവ് വരുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. 5,676 കിലോ ലിറ്റർ മണ്ണെണ്ണ ഈ വർഷത്തെ ആദ്യപാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്.

ആറു രൂപ കമ്മീഷൻ ഒരു ലിറ്റർ മണ്ണെണ്ണയിൽ നിന്ന് വ്യാപാരികൾക്ക് ലഭിക്കും. നേരത്തെ 3.70 രൂപയായിരുന്നു കമ്മീഷൻ. ചില്ലറ വിതരണം നടത്തുന്ന റേഷൻ വ്യാപാരികളുടെ മണ്ണെണ്ണ കമ്മീഷൻ ഉയർത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് തന്നെ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകള്‍ പലതും ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തനരഹിതമാവുകയും കടത്തുകൂലിയിലെയും റീട്ടെയില്‍ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാല്‍ മൊത്തവ്യാപാരികളും റേഷന്‍ ഡീലര്‍മാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാന്‍ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.