പ്രസവിച്ചശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു, കുഞ്ഞ് മരിച്ചത് തലയിടിച്ച്‌; അമ്മയ്ക്കെതിരേ കൊലക്കുറ്റം



അവിവാഹിത പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍, അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇലവുംതിട്ട പോലീസാണ് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്.

അമിതരക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയ യുവതി ഇപ്പോഴും ചികിത്സയിലാണ്. 

വീട്ടിലെ മുറിയില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ പുറത്തേക്കു വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ച്‌ മരിച്ചെന്നാണ് പോലീസ് വിലയിരുത്തല്‍. ഇടയ്ക്ക് കാര്യങ്ങള്‍ മാറ്റിപ്പറയുന്നതിനാല്‍ യുവതിയെ വിശദമായി ചോദ്യംചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ അയല്‍വീടിന്റെ പറമ്ബില്‍നിന്ന് ചേമ്ബിലയില്‍ പൊതിഞ്ഞനിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തതവരാനായി, പോസ്റ്റുമോർട്ടംചെയ്ത ഡോക്ടർ സ്ഥലം സന്ദർശിക്കും.