അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും എന്നാണ് വിവരം. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ് രഞ്ജിത. ശനിയാഴ്‌ച അമ്മ തുളസിയുടെ രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു.
നേരത്തെ രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷിനെ അഹമ്മദാബാദിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാൻ ആയില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ രതീഷും ബന്ധു ഉണ്ണികൃഷ്‌ണനും അഹമ്മദാബാദിൽ തുടരുകയാണ്.
പ്രവാസ ജീവിതത്തിൻ്റെ അവസാനമാസങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക് മടങ്ങവേയാണ് രഞ്ജിതയുടെ വിയോഗം. ജീവിത പ്രതിസന്ധികൾക്കിടയിലാണ് രഞ്ജിത വിദേശത്തുപോയത്. കുവൈത്തിലും മറ്റുമായി വർഷങ്ങൾ ജോലിചെയ്‌തു.
പിഎസ്‌സി വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ലഭിച്ച ജോലിയിലെ അവധി പുതുക്കാനാണ് ലണ്ടനിൽനിന്ന് അഞ്ചുദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബവീടിന് സമീപത്ത് വീടുപണി ഏറെക്കുറെ പൂർത്തിയായി. ആഗസ്തിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഗൃഹപ്രവേശം നടത്താനിരിക്കെയാണ് രഞ്ജിതയുടെ മരണം.
ചെങ്ങന്നൂരിൽ നിന്ന് ചെന്നൈയിൽ ട്രെയിൻ മാർഗം എത്തിയ രഞ്ജിത കണക്ടഡ് വിമാനത്തിൽ അഹമ്മദാബാദിലെത്തി. അഹമ്മദാബാദിൽ നിന്നായിരുന്നു ലണ്ടനിലേക്കുള്ള വിമാനം. ഈ യാത്രയിലാണ് രഞ്ജിതയുടെ മരണം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ