സ്കൂള്‍ സമയം പുന:ക്രമീകരിച്ച്‌ ഉത്തരവായി; 8, 9, 10 ക്ലാസുകള്‍ക്ക് രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ.




8, 9, 10 ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളില്‍ 30 മിനിറ്റ് അധിക പ്രവൃത്തി സമയം നിശ്ചയിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

ഇതുപ്രകാരം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും പ്രവൃത്തിസമയം.

എട്ട് പിരീഡുകള്‍ക്കുമുള്ള സമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെയുള്ള രണ്ട് പിരീഡുകള്‍ 45 മിനിറ്റ് വീതമാണ്. 10 മിനിറ്റ് ഇടവേളക്ക് ശേഷം പിന്നീടുള്ള രണ്ട് പിരീഡുകള്‍ 40 മിനിറ്റ് വീതം. ഉച്ചക്ക് ഒരു മണിക്കൂർ ഇടവേള. ശേഷം 40 മിനിറ്റ് വീതമുള്ള രണ്ട് പിരീഡുകള്‍. അഞ്ച് മിനിറ്റ് ഇടവേളക്ക് ശേഷം 35 മിനിറ്റുള്ള ഒരു പിരീഡ്. എട്ടാം പിരീഡ് 30 മിനിറ്റായിരിക്കും ഉണ്ടാവുക.

കേരള വിദ്യാഭ്യാസ ചട്ടത്തില്‍ നിർദേശിക്കുന്ന രീതിയില്‍ 1100 പഠന മണിക്കൂർ ലഭിക്കുന്നതിന് വേണ്ടിയാണ് ഹൈസ്കൂള്‍ ക്ലാസുകള്‍ക്ക് 30 മിനിറ്റ് ദീർഘിപ്പിച്ചത്.

ഹൈസ്‌കൂള്‍ വിഭാഗത്തിനും യു.പി വിഭാഗത്തിനും അധിക പ്രവൃത്തി ദിനങ്ങളുണ്ടാകും. യു.പി വിഭാഗത്തിന് ഈ അധ്യായന വര്‍ഷം രണ്ട് ശനിയാഴ്ച്ചകളില്‍ അധിക പ്രവൃത്തി ദിനം ഉണ്ടാകും. ഹൈസ്‌കൂള്‍ വിഭാഗത്തിനാകട്ടെ ആറ് ശനിയാഴ്ചകളിലുമാണ് അധിക പ്രവൃത്തി ദിനമുണ്ടാവുക.

അഞ്ച് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് ജൂലൈ 26, ഒക്ടോബർ 25 എന്നീ ശനിയാഴ്ചകളിലാണ് ക്ലാസുണ്ടാവുക. എട്ട് മുതല്‍ 10 വരെ ക്ലാസുകാർക്ക് ജൂലൈ 26, ആഗസ്റ്റ് 16, ഒക്ടോബർ നാല്, ഒക്ടോബർ 25, ജനുവരി മൂന്ന്, ജനുവരി 31 എന്നീ ശനിയാഴ്ചകളിലാണ് ക്ലാസ്.