നിലമ്പൂരിൽ മികച്ച പോളിങ്; വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനം കടന്ന് പോളിംഗ്, വിജയ പ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ


വാശിയേറിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്. ഒടുവിൽ പുറത്തുവന്ന കണക്ക് പ്രകാരം 70.76 ശതമാനമാണ് പോളിങ്. കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിൽ 76.06 ശതമാനമായിരുന്നു പോളിങ് ശതമാനം. പോളിങ് ശതമാനം സംബന്ധിച്ച അന്തിമ കണക്ക് തെരഞ്ഞെടുപ്പ് കമീഷൻ ഉടൻ പുറത്തുവിടും.

രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ പോളിങ് സാവധാനത്തിലായിരുന്നു. തുടർന്ന് ഉച്ചയോടെ വോട്ടർമാരുടെ നീണ്ടനിരയായി. വൈകിട്ട് ആറു മണിയോടെ വോട്ടർമാരുടെ തിരക്ക് കൂടി.

പോളിങ് ഉയർന്നത് യു.ഡി.എഫിന് ഗുണകരമാണെന്ന് പ്രചാരണ സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രചാരണ സമിതി കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരു ളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ 2.32 ലക്ഷം പേർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. നഗരസഭയും അമരമ്പലം, പോ ത്തുകല്ല് പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. മറ്റു അഞ്ച് പഞ്ചായത്തുകളിൽ യു. ഡി.എഫാണ്.

2021ൽ നിലമ്പൂരിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി.വി. അൻവർ എൽ.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്.