'റിസർവേഷൻ ഉറപ്പാക്കാതെ യാത്ര വേണ്ട'; വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഇനി ബെർത്തുകളുടെ 25 ശതമാനം മാത്രം.


ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് വെട്ടിക്കുറിച്ച്‌ റെയില്‍വെ. വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം ആകെ ബെര്‍ത്തുകളിടെ 25 ശതമാനമാക്കി ചുരുക്കി.

ദീര്‍ഘ ദൂര ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലെയും തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വെയുടെ നീക്കം. നടപടി ഈ ആഴ്ച മുതല്‍ നടപ്പാക്കിതുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മൊത്തം സീറ്റിന്റെ 25 ശതമാനം ടിക്കറ്റായിരിക്കും ഇനിമുതല്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റായി നല്‍കുക. ഭിന്നശേഷിക്കാര്‍, പട്ടാളക്കാര്‍, പ്രത്യേക ഇളവുള്ള ക്വാട്ടകള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളില്‍ നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ല.

നേരത്തെ, ദീര്‍ഘദൂര വണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് മറ്റ് പലവിധത്തിലുള്ള മാനദണ്ഡങ്ങളായിരുന്നു നടപ്പാക്കിയിരുത്. പലപ്പോഴും വെയിറ്റിങ് ലിസ്റ്റില്‍ മുന്നൂറ് വരെ ടിക്കറ്റുകള്‍ ലഭ്യമാകുമായിരുന്നു. വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബര്‍ത്ത് പ്രതീക്ഷിച്ച്‌ യാത്ര തുടരുന്നത് തിരക്ക് വര്‍ധിക്കാനും തര്‍ക്കങ്ങള്‍ക്കും പലപ്പോഴും കാരണമാവുകയും ചെയ്തിരുന്നു. പുതിയ രീതി പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് റെയില്‍വെയുടെ വിലയിരുത്തല്‍.