ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ നേരിട്ട് തിരിച്ചറിയാൻ കഴിഞ്ഞത് എട്ട് പേരുടെ മൃതദേഹങ്ങൾ മാത്രം. വ്യാഴാഴ്‌ച ഉച്ചവരെ 215 പേരെ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ ജി എസ് മാലിക് പറഞ്ഞു. വിമാനം തകർന്ന് തീ പിടിച്ചപ്പോൾ ചൂട് ആയിരം ഡിഗ്രിക്കും മുകളിൽ ഉയർന്നിരുന്നു എന്നാണ് വിലയിരുത്തൽ.
മരിച്ചവരുടെ കൃത്യമായ എണ്ണം കൃത്യമാക്കാൻ ഈ സാഹചര്യത്തിൽ രണ്ടുദിവസംകൂടി വേണ്ടിവരുമെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു. അപകടസ്ഥലത്തുനിന്ന് 318 ശരീരഭാഗങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്. അപകടത്തിന് ഇരയായ മറ്റുള്ളവർ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലും പരിസരത്തുമായി ഉണ്ടായിരുന്നവരാണ്. കൊല്ലപ്പെട്ടവരിൽ 53 വിദേശ പൌരൻമാരും ഉൾപ്പെടുന്നു.
തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളില്ലായിരുന്നെന്ന് എയർ ഇന്ത്യ ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. വലത് എൻജിൻ 2025 മാർച്ചിൽ സ്ഥാപിച്ചതാണ്. ഇടത് എൻജിൻ 2023 ജൂണിലാണ് അവസാനം സർവീസ് ചെയ്‌തത്. രണ്ട് പൈലറ്റുമാരും പരിചയസമ്പന്നരായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ