അതിർത്തി മേഖലയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള സർവിസുകൾ നിർത്തി എയർ ഇന്ത്യയും ഇൻഡിഗോയും



 യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി അതിർത്തി മേഖലയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള സർവിസുകൾ നിർത്തി എയർ ഇന്ത്യയും ഇൻഡിഗോയും. ഇന്നലെ അതിർത്തി മേഖലകളിൽ വീണ്ടും പാക് ഡ്രോണുകൾ കണ്ടതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണിത്.

ജമ്മു, ലേ, ജോധ്‌പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള സർവിസുകളാണ് റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള സർവിസുകളാണ് ഇൻഡിഗോ നിർത്തിയത്.

ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, മേയ് 13ന് ജമ്മു, ലേ, ജോധ്‌പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയിരിക്കുന്നു.ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്' -എയർ ഇന്ത്യ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷക്ക് ഏറ്റവും വലിയ പ്രാധാന്യം നൽകുന്നതിനാലാണ് സർവിസുകൾ റദ്ദാക്കുന്നതെന്ന് ഇൻഡിഗോ അറിയിച്ചു. 'തീരുമാനം നിങ്ങളുടെ യാത്രാ പദ്ധതികളെ തടസ്സപ്പെടുത്തുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഈ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങളുടെ ടീം സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 

കൂടുതൽ അപ്ഡേറ്റുകൾ ഉടൻ തന്നെ നിങ്ങളെ അറിയിക്കും' -ഇൻഡിഗോ അറിയിച്ചു.ഇന്ത്യ-പാക് സംഘർഷത്തിന്റെ സാഹചര്യത്തിൽ നേരത്തെ അടച്ച വിമാനത്താവളങ്ങളിൽ നിന്നുള്ള സർവിസുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. വെടിനിർത്തലിനെ തുടർന്ന് തിങ്കളാഴ്ച ഇവിടങ്ങളിൽ നിന്നുള്ള സർവിസുകൾ പുന:രാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി അതിർത്തിമേഖലകളിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടത്. 

അതേസമയം, എവിടെയും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.ഇന്ത്യ-പാക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അടച്ച 32 വിമാനത്താവളങ്ങളാണ് തിങ്കളാഴ്ച തുറന്നത്. മേയ് 15 വരെ വിമാനത്താവളങ്ങൾ താ ൽക്കാലികമായി അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെയാണ് തുറക്കാൻ തീരുമാനിച്ചത്. 

യാത്രക്കാർ വിമാനങ്ങളുടെ ലഭ്യതയും സ ർവിസും സംബന്ധിച്ച വിവരങ്ങൾക്ക് കമ്പനി അ ധികൃതരെ നേരിട്ട് സമീപിക്കുകയും അവരുടെ വെബ്സൈറ്റ് വഴിയുള്ള അപ്ഡേറ്റുകൾ പരിശോധിക്കുകയും വേണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) അറിയിച്ചു.