കോഴിക്കോട്പു തിയ ബസ്സ്റ്റാൻഡിൽ (മൊഫ്യൂസൽ ബസ്സ്റ്റാൻഡ്) ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നഗരത്തിൽ കരിമ്പുക പടർന്നു. പുതിയ ബസ്സ്റ്റാൻഡിൽ കോഴിക്കോട് കോർപറേഷ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ വമ്പൻ തുണിക്കടയും സമീപത്തെ കടകളുമാണ് കത്തിനശിച്ചത്.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തുടങ്ങിയ തീ മൂന്നുമണിക്കൂർ പിന്നിട്ടിട്ടും പൂർണമായും അണക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പല ഭാഗത്തും നിന്നുകത്തുന്നുണ്ട്. ഫയർ എൻജിനുകൾക്ക് കടന്നുപോകാനും രക്ഷാപ്രവർത്തനം സുഗമമാക്കാനും മേഖലയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മാനാഞ്ചിറയിൽ നിന്നാണ് ഫയർ എൻജിനുകൾ വെള്ളം ശേഖരിക്കുന്നത്.
അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽനിന്നും നിരവധി യൂണിറ്റ് ഫയർഫോഴ്‌സ് സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്.
പുക ഉയർന്നതോടെതന്നെ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റിയിരുന്നു. ആളുകളെയും ഒഴിപ്പിച്ചു. ബസ്സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ മുഴുവൻ തുടക്കത്തിൽ തന്നെ പൂട്ടിച്ചു. ആർക്കും ആളപായമില്ലെന്നാണ് ഇതുവരെ ലഭ്യമായ വിവരം. രക്ഷാപ്രവർത്തനത്തിനായി റോഡുകൾ അടച്ചതോടെ നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടം ഒഴിവാക്കാൻ പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്നു.
കെട്ടിടം പൂർണമായും കത്തിനശിച്ച നിലയിലാണ്. തുണിത്തരങ്ങളും മെഡിക്കൽ ഷോപ്പുകളുടെ സ്റ്റോർ റൂമുകളും കത്തി നശിച്ചു. അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ