വസ്‌ത്രങ്ങള്‍ കഴുകുന്നതിനിടെ കിണറ്റില്‍ വീണ യുവതിയെ രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മരിച്ചു.
ചെന്നൈ വിരുദുനഗർ ജില്ലയിലെ സത്തൂരിനടുത്തുള്ള എളയിരമ്ബണ്ണൈയിലാണ് സംഭവം. രാമനാഥപുരം സ്വദേശിയായ മഹേശ്വരിയാണ് (35) തുണി കഴുകുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്. ഇവരുടെ ഭർത്താവ് രാജ (45), അദ്ദേഹത്തിന്റെ അമ്മ രാജമ്മാള്‍ (65) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മഹേശ്വരിയുടെ നിലവിളി കേട്ടെത്തിയ രാജ കിണറ്റില്‍ ചാടുകയായിരുന്നു. ശബ്‌ദം കേട്ട് രാജമ്മാളും ഓടിയെത്തി. മകൻ വെള്ളത്തില്‍ കിടന്ന് മരണത്തോട് മല്ലിടുന്നത് കണ്ടാണ് ഇവരും എടുത്ത് ചാടിയത്. മഹേശ്വരി കിണറിന്റെ അരികില്‍ വീണതിനാല്‍ മുങ്ങിപ്പോകാതെ രക്ഷപ്പെട്ടു. എന്നാല്‍, നീന്തല്‍ അറിയാത്ത രാജയും രാജമ്മാളും മുങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അയല്‍ക്കാരാണ് എളയിരമ്ബണ്ണൈ പൊലീസില്‍ വിവരം അറിയിച്ചത്. അഗ്നിശമനാ സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി അര മണിക്കൂറോളം പരിശ്രമിച്ചശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി സാത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ എളയിരമ്ബണ്ണൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ