തലശ്ശേരി റെയില്‍വെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ വെച്ച്‌ ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍



തലശേരിയില്‍ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ മൂന്നുപേർ അറസ്റ്റില്‍.ബിഹാർ ദുർഗാപുർ സ്വദേശി ആസിഫ്, പ്രാണപുർ സ്വദേശി സാഹബൂല്‍,മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത് എന്നിവരാണ് അറസ്റ്റിലായത്.യുവതി ആറാഴ്ച ഗർഭിണിയാണ്.

തലശ്ശേരിയിലെ മേലൂട്ട് റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലാണ് 32കാരി കൂട്ടമാനഭംഗത്തിനിരയായത്. കുറ്റിക്കാട്ടില്‍ വെച്ചാണ് കണ്ണൂർ സ്വദേശിനിയായ യുവതിയെ പ്രതികള്‍ മൂന്ന് പേരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് പരാതി. 

ഇക്കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പീഡനശേഷം യുവതി നടന്നുപോയി റെയില്‍വെ ട്രാക്കില്‍ ഇരുന്നു. അവശ നിലയില്‍ കാണപ്പെട്ട യുവതിയെ പിന്നീട് സമീപത്തുണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.സ്വകാര്യ ആവശ്യത്തിനായാണ് യുവതി നഗരത്തില്‍ എത്തിയതെന്നാണ് പോലീസിന് നല്‍കിയ മൊഴി.

യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷമാണ് പോലീസ് മൊഴിയെടുത്തത്. ഇതിന് ശേഷമാണ് സംഭവത്തില്‍ അന്വേഷണം നടത്തി അറസ്റ്റ് നടന്നത്. കേസുമായി ബന്ധപ്പെട്ട് ഇനിയും രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.