ആദിവാസി യുവാവിനെ വിവസ്ത്രനാക്കി മണിക്കൂറുകളോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്...



അട്ടപ്പാടിയില്‍ പത്തൊന്‍പതുകാരനായ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി.

അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് ക്രൂരമര്‍ദനമേറ്റത്. വിവസ്ത്രനാക്കി ഒരുമണിക്കൂര്‍ നേരം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. ഞായറാഴ്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് പറഞ്ഞാണ് ഒരു കൂട്ടം ആളുകള്‍ യുവാവിനെ മര്‍ദിച്ചത്. പരിക്കേറ്റ ഷിബു ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ട് മണിക്കൂര്‍ നേരം തുണിയില്ലാതെ മകനെ വാഹനത്തിലെ ആളുകള്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി ഷിബുവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. വാഹനത്തിന് മുന്നിലേക്ക് വീണ യുവാവിനെ ഒരു കാരണവുമില്ലാതെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദിക്കുകയായിരുന്നു. കൈകെട്ടിയിട്ട ശേഷമായിരുന്നു ഷിബുവിനെ ഇവര്‍ മര്‍ദിച്ചത്. തുടര്‍ന്ന് പോസ്റ്റില്‍ കെട്ടിയിട്ടും മര്‍ദിച്ചതായി പിതാവ് പറയുന്നു. 

പരാതി നല്‍കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആദിവാസി യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നില്ല. ഇന്ന് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് പരാതിയില്‍ നടപടി സ്വീകരിച്ചത്.

 അതേസമയം കാരണമൊന്നുമില്ലാതെ ഷിബു വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നെന്ന് പിക്കപ്പ് ഡ്രൈവര്‍ പറയുന്നു. ഡ്രൈവറുടെ പരാതിയില്‍ പൊലീസ് ഷിബുവിനെതിരെ കേസ് എടുത്തിരുന്നു. കല്ലേറില്‍ വാഹനത്തിന്റെ കണ്ണാടി തകര്‍ന്നാതയും ഡ്രൈവറുടെ പരാതിയില്‍ പറയുന്നു.

സാരമായി പരിക്കേറ്റ ഷിബു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്. അതിനിടെ ഷിബുവിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.