സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് 17 കാരി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. അസം സ്വദേശിനിയായ പെൺകുട്ടിയാണ് മെഡിക്കൽ കോളജ് പൊലീസിൽ രക്ഷതേടിയെത്തിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. നഗരത്തിലെ വാടക വീട് കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. അസം സ്വദേശിയായ യുവാവാണ് നടത്തിപ്പുകാരൻ. നിർദ്ധന കുടുംബത്തിലെ അംഗമായ പെൺകുട്ടിക്ക് വീട്ടുജോലി വാഗ്ദാനം ചെയ്‌താണ് ഇയാൾ കോഴിക്കോട് എത്തിച്ചത്. പ്രതിമാസം 10,000 രൂപയാണ് ഇയാൾ വാഗ്ദാനം ചെയ്തിരുന്നത്.
കോഴിക്കോട് എത്തിച്ച ശേഷം വീട്ടിൽ അടച്ചിട്ടുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. താൻ അടക്കം നാല് പെൺകുട്ടികൾ വീട്ടിലുണ്ട്. ദിവസവും നാലിലധികം പുരുഷൻമാർ വീട്ടിൽ എത്തുമെന്നും അവധി ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം കൂടുമെന്നും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
എല്ലാവരെയും രക്ഷപ്പെടുത്തണമെന്നും പെൺകുട്ടി പൊലീസിനോട് ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ