പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ (14/05/25)



2025  മെയ് 14  ബുധൻ 

1200  മേടം 31   അനിഴം

 1446  ദുൽഖഅദ് 16

◾  ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ തന്റെ മിടുക്കുമൂലമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉപയോഗിച്ചാണ് ഇരു രാജ്യങ്ങളേയും വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തിച്ചതെന്നും നാലു വര്‍ഷം നീളേണ്ട സംഘര്‍ഷമാണ് താന്‍ അവസാനിപ്പിച്ചെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായുള്ള സൗദി സന്ദര്‍ശനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.


◾  പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ടിആര്‍എഫിന്റെ ചീഫ് ഓപ്പറേറ്റിങ് കമാന്‍ഡര്‍ ഷഹീദ് കൂട്ടെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയായ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ഭീകരര്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ഭീകരരില്‍ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്. ഷോപിയാന്‍ സ്വദേശി അദ്‌നാന്‍ ഷാഫിയാണ് കൊല്ലപ്പെട്ട രണ്ടാമന്‍.


◾  ഇന്ത്യ - പാകിസ്ഥാന്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പല അവകാശവാദങ്ങളും ഉന്നയിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ തള്ളി ഇന്ത്യ. വെടിനിര്‍ത്തലിന് പിന്നില്‍ ഒരു രാജ്യവും മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യ വക്താവ്, അമേരിക്കന്‍ പ്രസിഡന്റ് അവകാശപ്പെട്ട നിലയില്‍ വ്യാപാര ചര്‍ച്ചകളും നടന്നില്ലെന്ന് വ്യക്തമാക്കി.


◾  കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറുകയെന്നതാണെന്നും ഇന്ത്യയുടെ ശക്തി മനസ്സിലാക്കിയാണ് പാകിസ്ഥാന്‍ സൈനിക നീക്കം നിര്‍ത്തിയതെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും സൈനിക ഡിജിഎംഒമാര്‍ തമ്മില്‍ മാത്രമാണ് ചര്‍ച്ച നടന്നതെന്നും ഇന്ത്യയുടെ ഈ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാവുമെന്നും ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അമേരിക്ക നടത്തിയ സംഭാഷണത്തില്‍ വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.


◾  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചു.  ജുഡീഷ്യറിയില്‍ വിശ്വസിക്കാന്‍ ജനങ്ങളോട് ആജ്ഞാപിക്കാന്‍ കഴിയില്ലെന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ജനവിശ്വാസം നേടിയെടുക്കേണ്ടതാണെന്നും വിരമിച്ച ശേഷം ഒരു തസ്തികയും സ്വീകരിക്കില്ലെന്നും നിയമമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.


◾  ജസ്റ്റിസ് ബി ആര്‍ ഗവായ് രാജ്യത്തിന്റെ അന്‍പത്തി രണ്ടാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഇലക്ട്രല്‍ ബോണ്ട് കേസ്, ബുള്‍ഡോസര്‍ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മുന്‍ കേരളാ ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായിയുടെ മകനാണ്.


◾  വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയില്‍ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനം വകുപ്പ് തനത് ഫണ്ടില്‍ നിന്നും ആയിരിക്കും ലഭ്യമാക്കുക. ആക്രമണം വനത്തില്‍ ആയാലും പുറത്തായാലും സഹായധനം ലഭിക്കും. പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് സഹായധനമായി ല?ഭിക്കുക


◾  കോണ്‍ഗ്രസിന്റെ മുനമ്പം ഐക്യദാര്‍ഢ്യ സദസ് 15ന് നടക്കുമെന്ന് എറണാകുളം ഡിസിസി അറിയിച്ചു. മുനമ്പം വിഷയം വര്‍ഗീയ ചേരിതിരിവിന് ഉപയോഗിക്കുന്ന ബിജെപി, സിപിഎം കൂട്ടുകെട്ടിനെതിരെയും കുടിയൊഴിപ്പിക്കലിനെതിരെയും എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനമ്പം ഐക്യദാര്‍ഢ്യ സദസ്സ് നാളെ വൈകിട്ട് 5 മണിക്ക് ചെറായി ജംഗ്ഷനില്‍ നടക്കുമെന്ന് ഡിസിസി  പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.  


◾  സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായി പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ദില്ലിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. പുനഃസംഘടനയിലെ തുടര്‍ നടപടികള്‍ എപ്പോഴെന്നത് നേതൃതലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.


◾  മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.


◾  ബിഗ് ബോസ് താരം അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. സോഷ്യല്‍ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ്  അനീഷ് കിഴക്കേക്കര നല്‍കിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ഇന്ത്യ - പാകിസ്ഥാന്‍ ഏറ്റുമുട്ടലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അഖില്‍ മാരാര്‍ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയിലെ ഉള്ളടക്കം രാജ്യവിരുദ്ധമെന്നായിരുന്നു പരാതി. യുദ്ധം അവസാനിപ്പിക്കണം എന്നതിന് യാതൊരു തര്‍ക്കവും വേണ്ടെന്നും എന്നാലത് ആത്മാഭിമാനം അമേരിക്കയ്ക്ക് പണയം വെച്ചിട്ടാവരുത് എന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.


◾  അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോകത്തിലെ തൊഴിലവസരങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കളമശ്ശേരി മണ്ഡലത്തിലെ  പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച  പബ്ലിക് സ്‌ക്വയര്‍ - പരാതി പരിഹാര അദാലത്ത്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾  ഷവര്‍മ കഴിക്കുന്നതിനെതിരെ ആര്‍എസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപര്‍ എന്‍.ആര്‍. മധു. കൊല്ലത്ത് നടന്ന പരിപാടിയിലാണ് ഷവര്‍മക്കെതിരെ ആര്‍എസ്എസ് നേതാവ് രംഗത്തെത്തിയത്. ആഹാരം തൃപ്തി തോന്നണമെങ്കില്‍ ഇപ്പോള്‍ അറേബ്യന്‍ ഫുഡ് കഴിക്കണമെന്നാണ് ചിന്താഗതിയെന്ന് അദ്ദേഹം പറഞ്ഞു.


◾  കോഴിക്കോട് കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇന്നലെ വൈകീട്ട് നാലോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പെട്ടെന്ന് തന്നെ ഇവിടെയുണ്ടായിരുന്നവര്‍ പുഴയുടെ ഇരു കരകളിലേക്കും മാറിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. അതേസമയം നിയന്ത്രിത മേഖല മറികടന്ന് മുകളിലേക്ക് കയറിയ മൂന്നുപേര്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയത് ആശങ്കയുണര്‍ത്തി. അപകട മേഖലയിലെത്തിയ മുക്കം അഗ്‌നിരക്ഷാസേന മൂന്ന് പേരെയും സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.


◾  അസം സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെത്തിച്ച് പെണ്‍വാണിഭ കെണിയില്‍ കുടുക്കിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. അസം സ്വദേശിയായ യുവാവിനെയും യുവതിയെയും ഒഡീഷയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇതരസംസ്ഥാനക്കാരായ നിരവധി പേരെ ഇവര്‍ വലയിലാക്കിയെന്നാണ് സൂചന. ഫുര്‍ഖാന്‍ അലി, അഖ്ലീമ ഖാത്തും എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ മെയ് മൂന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞുകയറിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ വിവരങ്ങളില്‍ നിന്നാണ് നഗരത്തില്‍ ഇതരസംസ്ഥാനക്കാരെ എത്തിച്ച് നടക്കുന്ന പെണ്‍വാണിഭ സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.


◾  തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനാട്  സ്വദേശി വിമല്‍ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് - പുലിപ്പാറ സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരില്‍ നിന്നുമായി ആറരലക്ഷം രൂപയും 5 പവന്‍  സ്വര്‍ണ്ണവും വാങ്ങിയ ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. വിവാഹം കഴിക്കുന്നവരെ രജിസ്റ്റര്‍ ചെയ്യുന്നതാണ് ഇയാളുടെ രീതി.


◾  എറണാകുളം ഫോര്‍ട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. ഫോര്‍ട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീന്‍ എന്നിവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. മൂവരും ട്രെയിനില്‍ കയറി പോയെന്ന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.


◾  കോഴിക്കോട് പൂനൂര്‍ കാന്തപുരത്ത് രണ്ട് കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അലങ്ങാപ്പൊയില്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ മുഹമ്മദ് ഫര്‍സാന്‍(9), മുഹമ്മദ് സാലിയുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍(8) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇന്നലെ വൈകീട്ട് നാലോടെ കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. രാത്രി ഏഴോടെയാണ് ഇരുവരെയും കണ്ടെത്തിയത്.


◾  ഭിന്നശേക്ഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണി ആക്കിയ കേസില്‍ 53 കാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും 535000 രൂപ പിഴയും. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേല്‍ വീട്ടില്‍ കുമാര്‍ എന്ന് വിളിക്കുന്ന ലെനിന്‍ കുമാറിനെ ആണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം.


◾  ജമ്മു കശ്മീരും പഞ്ചാബും രാജസ്ഥാനും ഗുജറാത്തുമടക്കമുള്ള അതിര്‍ത്തി മേഖലകള്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ശാന്തമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എവിടെയും ഡ്രോണ്‍ സാന്നിധ്യം കണ്ടതായോ സൈന്യം തിരിച്ചടിച്ചതായോ റിപ്പോര്‍ട്ടില്ല. ഇതിനിടെ പഞ്ചാബിലെ അഞ്ച് അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. രാവിലെ മുതല്‍ ഉച്ച വരെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. എന്നാല്‍, ജമ്മുവില്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകും. രാജ്യത്തെ അടച്ചിട്ട എല്ലാ വ്യോമപാതകളിലും വിമാനത്താവളങ്ങളിലും നാളെയോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകും എന്നാണ് വ്യോമയാനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.


◾  പഹല്‍ഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ മുന്‍നിരയിലുണ്ടായിരുന്ന കേണല്‍ സോഫിയ ഖുറേഷിയെ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാ 'ഭീകരവാദികളുടെ സഹോദരി' എന്നു വിശേഷിപ്പിച്ചതു വിവാദമായി. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു പ്രസ്താവന. പ്രസ്താവന വിവാദമായതോടെ അവര്‍ നമ്മുടെ സഹോദരിമാരാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും വിജയ് ഷാ പിന്നീടു തിരുത്തി.


◾  തമിഴ്‌നാടിന്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം 419.74 ബില്യണ്‍ ഡോളറിലെത്തി. 2025ലെ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഏകദേശം 374 ബില്യണ്‍ ഡോളര്‍ കണക്കാക്കപ്പെടുന്ന പാകിസ്ഥാന്റെ മൊത്തം ദേശീയ ആഭ്യന്തര ഉത്പാദനത്തെ വരെ മറികടന്നാണ് ഈ കുതിപ്പ്. തമിഴ്‌നാടിന്റെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും വ്യാവസായിക മുന്നേറ്റവുമാണ് ഈ നേട്ടം സൂചിപ്പിക്കുന്നത്.


◾  പഞ്ചാബില്‍ വ്യാജമദ്യദുരന്തത്തില്‍ മരണം 21 ആയി. അമൃത്സറിലെ മജിത ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും ഭംഗാലി, പതല്‍പുരി, മരാരി കലന്‍, തരൈവാല്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണ് സംസ്ഥാനത്തേത്.


◾  ദില്ലിയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എസി പാതിവഴിയില്‍ തകരാറിലായെന്ന് യാത്രക്കാരന്‍. ദുരിതം പങ്കുവച്ച് യാത്രക്കാരന്റെ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കമ്പനിയും രംഗത്തെത്തി. എസി കേടായെന്നും യാത്രക്കാര്‍ക്ക് അസഹനീയമായ ചൂടില്‍ ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നും ചിത്രങ്ങള്‍ സഹിതം യാത്രക്കാരന്‍ വ്യക്തമാക്കി.


◾  ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക്, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്. മെയ് 16 മുതലാണ് കൂടിക്കാഴ്ചകള്‍ക്കായി ഗോയലും സംഘവും അമേരിക്കയിലെത്തുക. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ആദ്യഘട്ടചര്‍ച്ചകളാണ് സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. പകരം തീരുവയില്‍ 90 ദിവസം ഇളവ് നല്‍കിയ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ നിര്‍ണായകമാണ്.


◾  ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് പിന്നാലെ, ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ പാകിസ്ഥാനും പുറത്താക്കി. ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നടപടിയെടുത്തിരുന്നു. ഉടനടി രാജ്യം വിടാനുള്ള നിര്‍ദേശമാണ് ഇന്ത്യ നല്‍കിയത്. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്റെ പേരിലായിരുന്നു നടപടി.


◾  അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാവന്‍ പികെ സാഹുവിനെക്കുറിച്ച് ഇപ്പോള്‍ അപ്ഡേറ്റ് നല്‍കാനില്ലെന്നും ജവാന്റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. വിദേശകാര്യ മന്ത്രാലയം ഇന്നലെ വൈകിട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബിഎസ്എഫ് ജവാന്റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നത്. 


◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ തന്ത്രപ്രധാന സാമ്പത്തിക സഹകരണ കരാറും പ്രതിരോധ കരാറുകളിലും ഒപ്പുവെച്ച് സൗദി അറേബ്യ. 142 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറാണ് സൗദിയും അമേരിക്കയും ഒപ്പുവച്ചത്. വിവിധ വികസന പദ്ധതികള്‍ക്കായി യുഎസില്‍ 60,000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി തീരുമാനിച്ചു. അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളുമായുള്ള സുപ്രധാന ഉച്ചകോടി ഇന്ന് നടക്കും. സൗൗദിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മണ്ണിലും വിണ്ണിലും രാജകീയ സ്വീകരണമാണ് സൗദി ഒരുക്കിയത്.


◾  ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്റെ വടക്കന്‍ മേഖലയില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടായെന്ന് വ്യാജ പ്രചാരണം. പാകിസ്ഥാന്‍ കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റേതെന്ന് അവകാശപ്പെടുന്ന ഒരു രേഖയാണ് ഈ പ്രചാരണം നടത്താന്‍ ഉപയോഗിക്കുന്നത്. എന്നാല്‍,  ഈ രേഖ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ചട്ടാര്‍ സമതലത്തിനടുത്തുള്ള ഒരു വ്യാവസായിക കേന്ദ്രത്തില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടായെന്നാണ് ഈ രേഖയില്‍ പറയുന്നത്.


◾  ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ നിരോധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശില്‍ അവാമി ലീഗിനെ നടപടിക്രമങ്ങളില്ലാതെ നിരോധിച്ചത് ആശങ്കാജനകമായ സംഭവവികാസമാണെന്നും ജനാധിപത്യ രാജ്യമെന്ന നിലയില്‍, സ്വാതന്ത്ര്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിലും രാഷ്ട്രീയ ഇടങ്ങള്‍ ചുരുങ്ങുന്നതിലും ഇന്ത്യ സ്വാഭാവികമായും ആശങ്കാകുലരാണെന്നും ബംഗ്ലാദേശില്‍ സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പുകള്‍ എത്രയും വേഗം നടത്തുന്നതിനെ ഞങ്ങള്‍ ശക്തമായി പിന്തുണയ്ക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.


◾  സിറിയയ്ക്ക് മേലുള്ള ഉപരോധം പിന്‍വലിക്കുമെന്ന് ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഈ പ്രഖ്യാപനത്തെ സൗദി കിരീടാവകാശി ഉള്‍പ്പെടെയുള്ള സദസ് ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. സിറിയയിലെ പുതിയ സര്‍ക്കാര്‍ രാജ്യത്തെ നന്നായി നയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ട്രംപ്, സിറിയക്കെതിരായ അമേരിക്കന്‍ ഉപരോധം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്. ഉപരോധം നീക്കാനുള്ള അമേരിക്കന്‍ നീക്കത്തെ സ്വാഗതം ചെയ്ത് സിറിയയും രംഗത്തെത്തി.


◾  രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും പിന്നാലെ വിരമിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന താരം മുഹമ്മദ് ഷമി. മാധ്യമറിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ഷമിയുടെ പ്രതികരണം. ഇത്തരം റിപ്പോര്‍ട്ടുകള്‍ തന്റെ ഭാവിയെ ഇല്ലാതാക്കുന്നതാണെന്നും ഇനിയെങ്കിലും തന്നെക്കുറിച്ച് നല്ലത് എഴുതാന്‍ ശ്രമിക്കുവെന്നും ഷമി കുറിച്ചു.


◾  ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ടൂര്‍ണമെന്റിന്റെ പേര് സൂചിപ്പിക്കുന്ന പോലെ U17 എന്ന മാതൃകയിലാണ് ലോഗോ തയാറാക്കിയത്. ലോകകപ്പിലെ ജേതാക്കള്‍ക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ മൂന്ന് മുതല്‍ 27 വരെയാണ് കാല്‍പന്തു ലോകത്തെ ഭാവിതാരങ്ങള്‍ മാറ്റുരക്കുന്ന വിശ്വമേളയ്ക്ക് ഖത്തര്‍ വേദിയൊരുക്കുന്നത്.


◾  പ്രമുഖ ഇന്ത്യന്‍ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മിന്റെ 4 ശതമാനം ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ്. ആലിബാബ ഗ്രൂപ്പിലുള്ള ആന്റിന്റെ കൈവശമുള്ള 2,200 കോടി രൂപയുടെ ഓഹരികളാണ് വില്‍ക്കുന്നത്. ഷെയര്‍ ഒന്നിന് 809.75 രൂപ വില നിശ്ചയിച്ചാണ് വില്‍പ്പന നടത്തുന്നത്. ഇന്ന് പേടിഎം ഓഹരി വില 4 ശതമാനം ഉയര്‍ന്ന് 866 രൂപയിലാണ് ക്ലോസ് ചെയതത്. വിപണി വിലയേക്കാള്‍ 6 ശതമാനം താഴെയാണ് ബ്ലോക്ക് ഡീല്‍ വില. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആലിബാബ കമ്പനി പേടിഎം ഓഹരികള്‍ വില്‍ക്കുന്നത്. 2023 ഓഗസ്റ്റില്‍ 10.3 ശതമാനം ഓഹരികള്‍ പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശങ്കര്‍ ശര്‍മക്ക് വിറ്റിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലെ കണക്ക് പ്രകാരം ആന്റ് കമ്പനിയുടെ സഹോദര സ്ഥാപനമായ ആന്റ്ഫിന്റെ കൈവശം പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ 9.85 ശതമാനം ഓഹരികള്‍ ഉണ്ട്. ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ടെങ്കില്‍ പേടിഎം കമ്പനിയുടെ നഷ്ടത്തില്‍ കുറവ് വന്നിട്ടില്ല. മാര്‍ച്ച് 31 ലെ കണക്ക് അനുസരിച്ച് 540 കോടി രൂപ നഷ്ടത്തിലാണ്. മുന്‍ പാദത്തില്‍ നഷ്ടം 208 കോടി രൂപയായിരുന്നു.


◾  ആസിഫ് അലി നായകനായി വന്ന ചിത്രമാണ് 'സര്‍ക്കീട്ട്'. സംവിധാനം നിര്‍വഹിച്ചത് ഒമറാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആസിഫ് അലിയുടെ സര്‍ക്കീട്ടിന്റെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു. താമര്‍ തിരക്കഥയും രചിച്ചു സംവിധാനം ചെയ്തതാണ് 'സര്‍ക്കീട്ട്'. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'സര്‍ക്കീട്ട്'. ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച 'സര്‍ക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


◾  ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. സിദ്ധാര്‍ഥ് ഭരതനെ പ്രധാന കഥാപാത്രമാക്കി ജിഷ്ണു ഹരീന്ദ്രന്‍ സംവിധാനം ചെയ്ത 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍' എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. ഈ വര്‍ഷം ജനുവരി 31 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മൂന്ന് മാസത്തിനിപ്പുറം മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് ഒരുങ്ങുന്നത്. മെയ് 16 ആണ് സ്ട്രീമിംഗ് തീയതി. ത്രില്ലര്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനൊപ്പം ഉണ്ണി ലാലുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണുരാജ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന്‍ കൊങ്ങാട്, രതീഷ് കുമാര്‍ രാജന്‍, കലാഭവന്‍ ജോഷി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.


◾  ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോയുടെ പുതിയ ഡസ്റ്റര്‍ 5 സീറ്ററും ബോറിയല്‍ 7 സീറ്ററും 2026 ല്‍ ഇന്ത്യയിലേക്ക് എത്തും. മൂന്നാം തലമുറ ഡസ്റ്ററിന്റെ മൂന്ന് നിര പതിപ്പായ റെനോ ബോറിയല്‍ വരും മാസങ്ങളില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ബോറിയല്‍ ആദ്യം ലാറ്റിന്‍ അമേരിക്കയിലും തുടര്‍ന്ന് മറ്റ് 70 രാജ്യങ്ങളിലും ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഡാസിയ ബിഗ്സ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും റെനോ ബോറിയല്‍ എസ്യുവി. 5 സീറ്റര്‍ ഡസ്റ്ററില്‍ നിന്ന് വ്യത്യസ്തമായി, ബോറിയലിന് മൂന്ന് നിര ഇരിപ്പിട ക്രമീകരണം ഉണ്ടായിരിക്കും. എങ്കിലും അതിന്റെ മിക്ക സവിശേഷതകളും അതിന്റെ ചെറിയ പതിപ്പിന് സമാനമായിരിക്കും. പുതിയ റെനോ 7 സീറ്റര്‍ എസ്യുവിയുടെ പവര്‍ട്രെയിന്‍ സജ്ജീകരണം ഡസ്റ്ററിന്റേതിന് സമാനമായിരിക്കും. ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ശക്തമായ ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായി ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുത്ത ആഗോള വിപണികളില്‍, 167 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ബോറിയല്‍ എസ്യുവി വാഗ്ദാനം ചെയ്യുന്നത്.


◾  സമൂഹത്തിനെതിരെ കലാപമുയര്‍ത്താന്‍ സര്‍ഗ്ഗാത്മകതയുള്ള വ്യക്തിക്കുമേല്‍ തുടര്‍ച്ചയായ സമ്മര്‍ദമുണ്ടാകുന്നു. പക്ഷെ, ഇന്നത്തെ ലോകത്തില്‍, പുതിയ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനുള്ള ശേഷി, കോര്‍പ്പറേറ്റ് മേധാവി മുതല്‍ നാട്ടിന്‍പുറത്തെ വീട്ടമ്മ വരെയുള്ള എല്ലാവരില്‍നിന്നും ആവശ്യപ്പെടുന്നു. ജീവിതത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണപ്പെട്ടിയില്‍ പക്ഷെ തങ്ങളുടെ മാതാപിതാക്കളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും ഭൂതകാലത്തില്‍ പഠിച്ചത് മാത്രമാണുള്ളത്. ഇതവരുടെ ബന്ധങ്ങള്‍ക്കും അവരുടെ തൊഴിലിനും വലിയ ചേതമുണ്ടാക്കുന്നുണ്ട്. അനുകരണത്തില്‍നിന്നും നിയമബന്ധിത പെരുമാറ്റത്തില്‍നിന്നും മോചനം നേടുന്നതിനായി, നമ്മളെയും നമ്മുടെ ശേഷികളെയും കുറിച്ചുള്ള സമീപനങ്ങളില്‍ തീവ്രമായ മാറ്റം ആവശ്യമായി വരുന്നു. 'സര്‍ഗ്ഗാത്മകത ആന്തരിക ശക്തികളെ ഉണര്‍ത്തുക'. ഓഷോ. സൈലന്‍സ് ബുക്സ്. വില 247 രൂപ.


◾  ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് വിറ്റാമിന്‍ സി. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ കിട്ടാതെ വരുമ്പോള്‍ നാം അത് ഗുളിക രൂപത്തിലും കഴിക്കാറുണ്ട്. എന്നാല്‍, പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ ഗുളിക കഴിക്കാമോ എന്നത് പലരിലും സംശയമുണര്‍ത്തുന്ന കാര്യമാണ്. പ്രമേഹരോഗികള്‍ ദിവസവും വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനം. ജേണല്‍ ഡയബറ്റീസിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ശരീരത്തില്‍ മെറ്റബോളിസം വര്‍ധിക്കാനും പൊണ്ണത്തടി കുറയ്ക്കാനുമെല്ലാം വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹം വരാതിരിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ആസ്ട്രേലിയയിലെ ഡെക്കിന്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആഹാരം കഴിച്ച ശേഷം നടത്തിയ രക്തപരിശോധനയില്‍ 36 ശതമാനം പേരുടെ ഷുഗര്‍ നില കൂടിയതായി കണ്ടെത്തി. ഹൈപ്പര്‍ ഗ്ലൈസീമിയ എന്ന ഈ അവസ്ഥ ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ പിടിപെടുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണ്. ഇതോടൊപ്പം തന്നെ വിറ്റാമിന്‍ സി ഗുളികകള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണെന്നും പഠനത്തില്‍ പറയുന്നു. വിറ്റാമിന്‍ സിയുടെ കുറവ് മാറ്റാന്‍ ഗുളികകള്‍ മാത്രം മതിയാകില്ല. ആഹാരത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഓറഞ്ച്, നാരങ്ങ, ക്യാപ്‌സിക്കം, സ്‌ട്രോബെറി, പപ്പായ എന്നിവ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളാണ്.


*ശുഭദിനം*

*കവിത കണ്ണന്‍*

അടുത്തടുത്തുളള ആ ആശ്രമങ്ങിലേക്കുളള പച്ചക്കറികള്‍ വാങ്ങിക്കുന്നത് അന്തേവാസികളായ കുട്ടികളാണ്.  സമീപത്തുളള രണ്ടു ആശ്രമത്തിലെ കുട്ടികള്‍ പച്ചക്കറി വാങ്ങാനുളള യാത്രയ്ക്കിടെ കണ്ടുമുട്ടി. ഒന്നാമന്‍ ചോദിച്ചു: നീ എങ്ങോട്ടാണ്?  രണ്ടാമന്‍ പറഞ്ഞു:  എന്റെ കാലുകള്‍ എവിടേക്ക് പോകുന്നോ അവിടേക്ക്.  ഒന്നാമന്‍ ഇക്കാര്യം തന്റെ ആശ്രമത്തിലെ ഗുരുവിനോട് പറഞ്ഞു.  ഗുരു പറഞ്ഞു: നാളെ കാണുമ്പോള്‍ കാലില്ലെങ്കില്‍ നീ എവിടെപ്പോകും എന്ന് അന്വേഷിക്കണം.  രണ്ടാം ദിനത്തിലെ ഉത്തരം, ഞാന്‍ കാറ്റ് വീശുന്നിടത്തേക്ക് എന്ന് രണ്ടാമന്‍ പറഞ്ഞു.  ഒന്നാമന്‍ ഗുരുവിനോട് ഈ ഉത്തരം പറഞ്ഞപ്പോള്‍ ഗുരു മൂന്നാം ദിനം കാണുമ്പോള്‍, കാറ്റില്ലെങ്കില്‍ എവിടെപ്പോകും എന്ന് ചോദിക്കാനാണ്.  ഒന്നാമന്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍, അവന്‍ മറുപടി പറഞ്ഞു:  ഞാന്‍ പച്ചക്കറി വാങ്ങാന്‍ പോവുകയാണെന്ന്.  അപ്പോള്‍ നിനക്ക് സാധാരണ പോലെ സംസാരിക്കാനും അറിയാമല്ലേ.. ഒന്നാമന്‍ ചിരിച്ചു.  കാണാതെ പഠിച്ച പാഠങ്ങള്‍കൊണ്ട് ഇതുവരെ കാണാത്ത ലോകത്തെ നേരിടാനാകില്ല. ഒരാള്‍ക്ക് ലഭിക്കുന്ന ചോദ്യങ്ങള്‍ മറ്റൊരാള്‍ക്ക് ലഭിക്കണമെന്നില്ല.  തത്സമയ സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തരാക്കുക എന്നതാണ് എല്ലാ പഠനങ്ങളുടേയും ലക്ഷ്യം.  പക്ഷേ, പഠിക്കുന്ന പാഠങ്ങള്‍ക്കു പ്രതിരോധ ശേഷിയും മുന്‍കൂട്ടി കാണാനുളള ശേഷിയും പകച്ചുനില്‍ക്കാതെ തീരുമാനമെടുക്കാനുളള കഴിവും നല്‍കാനാകണം.  സ്വയം പര്യാപ്തത നേടിയെടുക്കുകയാണ് പഠന പരിശീലന പ്രക്രിയകളിലൂടെ കടന്നുപോകുന്നവരുടെ ഉത്തരവാദിത്വം.  സ്വയം നേരിടേണ്ട പരീക്ഷയ്ക്കായി നമുക്കും സ്വയം പര്യാപ്തത കൈവരുത്താം - ശുഭദിനം.

➖➖➖➖➖➖➖➖