19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്‌ദുൽ റഹീമിൻറെ മോചനകാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല.
തിങ്കളാഴ്ച രാവിലെ 10ന് സിറ്റിങ് ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.
പതിവുപോലെ ജയിലിൽനിന്ന് അബ്‌ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും റഹീം കുടംബത്തിൻറ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ പങ്കെടുത്തു. അടുത്ത സിറ്റിങ് തീയതി പിന്നീട് കോടതി അറിയിക്കും. 12-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.
ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി ഒമ്പത് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്. റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിൻ്റെ തടവുകാലം 19-ാം വർഷത്തിലാണ്. കേസിൻ്റെ ആദ്യകാലം മുതലുള്ള ഒറിജിനൽ കേസ് ഡയറി ഗവർണറേറ്റിൽനിന്ന് തിരികെ വളിച്ച് പുനഃപരിശോധനക്ക് വിധേയമാക്കുന്നത് കൊണ്ടാണ് മോചനകാര്യത്തിലെ തീരുമാനം നീളുന്നത്.
19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അബ്‌ദുൽ റഹീമിന് അധികം ജയിലിൽ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നൽകാനാണ് സാധ്യത. എന്തായാലും കോടതിയുടെ അന്തിമവിധിതീർപ്പിനാണ് അബ്‌ദുൽ റഹീമിന്റെ കാത്തിരിപ്പ്. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ് ലോകവ്യാപകമായി മലയാളികൾ ചേർന്ന് പിരിച്ച് നൽകിയത്.
അങ്ങനെ സമാഹരിച്ച പണമാണ് മരിച്ച സൗദി ബാലന്റെ കുടുംബത്തിന് ദിയാധനമായി നൽകിയത്. അതിനെ തുടർന്നാണ് അവർ മാപ്പ് നൽകിയതും കോടതി വധശിക്ഷ റദ്ദ് ചെയ്‌തതും. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിൻ്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്‌റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ