ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; അന്വേഷണ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചു, മനഃപൂര്‍വം ഉഴപ്പിയെന്ന് റിപ്പോര്‍ട്ട്



രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.

അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകള്‍ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനഃപൂർവം ഉഴപ്പിയെന്നും കണ്ടെത്തല്‍.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും പ്രതിയെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവും കണക്കിലെടുത്ത് കേസ് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ഇന്നലെ പേട്ട സ്റ്റേഷനില്‍ മാദ്ധ്യമങ്ങളെ കണ്ട ഡിസിപി അന്വേഷണം വേഗത്തിലാക്കുമെന്നും അറിയിച്ചു.

യുവതി മരിച്ച്‌ രണ്ടാഴ്ച കഴിഞ്ഞിട്ടും കേസില്‍ പ്രതിയായ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്തിനെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ 24ന് രാവിലെയാണ് ചാക്കയിലെ റെയില്‍വേ ട്രാക്കില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൊബെെല്‍ ഫോണില്‍ സംസാരിച്ച്‌ നടന്നുവന്ന യുവതി ട്രെയിനിന് മുന്നിലേക്ക് ചാടിയെന്നായിരുന്നു ലോക്കോ പെെലറ്റിന്റെ മൊഴി.

പ്രതിയെ കണ്ടെത്തൻ പൊലീസ് രണ്ടു സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തല്‍. സുകാന്തിന്റെ വീട്ടില്‍നിന്ന് ഐ പാഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശാരീരിക, സാമ്ബത്തിക ചൂഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ സാമ്ബത്തിക ഇടപാടുകള്‍ നടന്നതിന്റെ ബാങ്ക് രേഖകള്‍ ലഭിച്ചിട്ടുണ്ട്.

ഐ.ബി ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പൂർണമായും തകർന്നതിനാല്‍ അതിലെ തെളിവുകള്‍ പൂർണ്ണമായും വീണ്ടെടുക്കാനായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണ്. പ്രതിയുടെ ഓഫീസില്‍ നിന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും ലഭിച്ച തെളിവുകള്‍ നിർണായകമാണ്. യുവതിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതില്‍ ഇയാളുടെ പങ്ക് വ്യക്തമാകാൻ പ്രതിയെ പിടികൂടി ചോദ്യം ചെയ്യണം. പ്രതിക്കൊപ്പം മാതാപിതാക്കളും ഒളിവിലാണ്.