ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാതിയും; സംസ്ഥാനത്ത് ഇന്ന് പരക്കെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്..



തെക്കു കിഴക്കൻ
അറബിക്കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്‌ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. 

ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. ചക്രവാതച്ചുഴിയിൽ നിന്നും തെക്കൻ കേരളത്തിന് മുകളിൽ വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റിന്റെ സംയോജനവുമാണ് മഴയ്ക്ക് കാരണമാകുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നു.

ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്‌ച വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.