ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് മൊബൈല്‍ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യിപ്പിച്ച്‌ അതുവഴി 3.25 കോടി തട്ടിയ യുവാക്കള്‍ അറസ്റ്റില്‍.



വ്യാജ ആപ്പില്‍ നിക്ഷേപിച്ച പണത്തിന്റെ ലാഭവിഹിതം വിർച്വലായി കാണിച്ച്‌ ആളുകളെ വിശ്വസിപ്പിച്ചാണ് 3.25 കോടി തട്ടിയത്.

അരീക്കോട് പുത്തലം സ്വദേശി മണ്ണിങ്ങച്ചാലി അഫ്‌ലാഹ് ഷാദില്‍ (25), അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി കമ്മുപൂളംകുണ്ടില്‍ മുഹമ്മദ് ഷാഫി (34) എന്നിവരെയാണ് മലപ്പുറം സൈബർ ക്രൈം അറസ്റ്റ് ചെയ്തത്. നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം നല്‍കിയാണ് ആളുകളെ തട്ടിപ്പിലേക്ക് ആകർഷിച്ചത്.

പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് വ്യത്യസ്ത സമയങ്ങളിലായി പ്രതികള്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടു. അയച്ച തുകയുടെ ലാഭവിഹിതം കാണിക്കുന്ന ആപ്ലിക്കേഷൻ പരാതിക്കാരന്‍റെ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യിപ്പിക്കുകയും ചെയ്തു. ആപ്പില്‍ വലിയ ലാഭവിഹിതം കാണിച്ചിരുന്നു.

പിന്നീട് പണവും ലാഭവിഹിതവും തിരികെ ചോദിച്ചപ്പോള്‍ പ്രസ്തുത തുക പിൻവലിക്കാൻ കൂടുതല്‍ തുക നികുതിയായി അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് പരാതിക്കാരൻ മലപ്പുറം സൈബർ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അറസ്റ്റിലായ അഫ്‌ലാഹ് ഷാദിലിനെയും മുഹമ്മദ് ഷാഫിയെയും മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.